സംസ്ഥാനത്തെ അങ്കണവാടികളുടെ നിലവാരമുയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പുമന്ത്രി  കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ആദ്യസംരംഭമായ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള മൊബൈല്‍ ക്രഷ് വെല്ലിങ്ടണ്‍ ഐലന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭയുടെ 29-ാം ഡിവിഷനിലെ 76-ാം നമ്പര്‍ അങ്കണവാടിയോട് ചേര്‍ന്നാണ് ക്രഷ് പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ആറുമാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികളുടെ പകല്‍ സമയ പരിചരണമാണ് മൊബൈല്‍ ക്രഷിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ 33,000 അങ്കണവാടികള്‍ മെച്ചപ്പെടുത്താനുള്ള നടപടികളെടുക്കുമെന്ന് മന്ത്രി പറഞ്ഞു. എണ്ണായിരത്തിലധികം അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടമില്ല. ഇതിനാവശ്യമായ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ എണ്ണൂറോളം അങ്കണവാടികള്‍ക്കു മാത്രമേ കെട്ടിടമുണ്ടാക്കാന്‍ സ്ഥലം ലഭിച്ചിട്ടുള്ളു.  അങ്കണവാടികളില്‍ കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണത്തിന്റെയും പരിശീലനത്തിന്റെയും നിലവാരമുയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം നല്കും; കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗനിര്‍ദേശ രേഖ (ാീറൗഹല)  വിദഗ്ദ്ധസമിതിയുടെ സഹായത്തോടെ തയ്യാറാക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഉള്ളതിനാല്‍ ഈ മൊഡ്യുള്‍ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും പ്രസിദ്ധപ്പെടുത്തുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ഓണറേറിയം മുഴുവന്‍ നല്കുമെന്ന് മന്ത്രി പറഞ്ഞു.
ഐസിഡിഎസ് പദ്ധതിക്കുള്ള കേന്ദ്ര ധനസഹായം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. ഇപ്പോഴിത് 75 ശതമാനം സംസ്ഥാനവും  25 ശതമാനം കേന്ദ്രവും എന്ന അനുപാതത്തിലാണ്. അങ്കണവാടി പദ്ധതി ക്രമേണ അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണിതെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കണം;
 പല സംസ്ഥാനങ്ങളും അങ്കണവാടികള്‍ സ്വകാര്യവത്കരിച്ചു കഴിഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ല.
സാമൂഹ്യനീതിവകുപ്പിലും ആരോഗ്യവകുപ്പിലും പല മുന്നേറ്റങ്ങളും നടത്താന്‍ സാധിച്ചു. ആരോഗ്യരംഗത്ത് എറണാകുളത്ത് മാത്രം 110 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് 40 വര്‍ഷത്തിനുശേഷം ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് 150  പേരെ നിയമിച്ചു. 25 വര്‍ഷത്തിനു ശേഷം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ആളുകളെ നിയമിക്കാനുള്ള നടപടികളെടുത്തു. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 40 പുതിയ ഇടങ്ങളില്‍ വയോമിത്രം പദ്ധതി നടപ്പാക്കി. ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വയോശ്രേഷ്ഠ പുരസ്‌കാരം ഇത്തവണ സംസ്ഥാനത്തിന് ലഭിച്ചത്.
ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള 561 ക്രഷുകള്‍ക്കുള്ള പിന്തുണയും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ ക്രഷുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥ വന്നതിനെത്തുടര്‍ന്ന് 250 എണ്ണം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു. ബാക്കിയുള്ളവ പരിശോധിച്ച ശേഷം ഏറ്റെടുക്കല്‍ നടപടി തുടരും.
കേരളത്തില്‍ കൂടുതല്‍ ക്രഷുകളുടെ ആവശ്യം മനസ്സിലാക്കി 250 ക്രഷുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ആദ്യത്തെ മൊബൈല്‍ ക്രഷ് വില്ലിങ്ടണ്‍ ഐലന്റില്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളെ വീട്ടില്‍ നിന്ന് കൊണ്ടു വരാനും തിരിച്ച് വീടെത്തിക്കാനും വാഹനസൗകര്യം മൊബൈല്‍ ക്രഷ് സംവിധാനത്തില്‍ ഉണ്ടായിരിക്കും; രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രവര്‍ത്തനസമയം; രണ്ടു ഷിഫ്റ്റുകളിലായി 4 പേരാണ് മൊബൈല്‍ ക്രഷിലെ ജീവനക്കാര്‍.
മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എ, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ വെങ്കിട്ടരമണ അക്കരാജു എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ എ ബി സാബു, നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, നഗരസഭ കൗണ്‍സിലര്‍മാര്‍, സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, സാമൂഹ്യനീതി – വനിതാശിശു വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.