വിളംബരമോതി വഞ്ചിവള്ള ഘോഷയാത്ര

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും ആവേശത്തില്‍. വിദേശികളടക്കം നാടിന്റെ പരിച്ഛേദം പങ്കെടുക്കുന്ന വള്ളംകളിയുടെ പ്രാധാന്യം കണക്കിലെടുത്ത് അഷ്ടമുടിയുടെ തീരം ശുചീകരിച്ചു. പിന്നാലെ ജലോത്സവത്തിന്റെ വിളംബരമായി വഞ്ചിവീടുകളുടെ ഘോഷയാത്രയും നടത്തി. കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്‍ഡിന് സമീപം എം. നൗഷാദ് എം. എല്‍. എയാണ് ഇരുപരിപാടികളും ഉദ്ഘാടനം ചെയ്തത്. ശുചീകരണ യജ്ഞത്തിലും അദ്ദേഹം പങ്കാളിയായി.

കായല്‍തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ബോട്ട്‌ജെട്ടി മുതല്‍ ലിങ്ക് റോഡ് പരിസരമാകെയാണ് ശുചീകരിച്ചത്. തുടര്‍ന്നാണ് 23 ന് നടക്കുന്ന ജലോത്സവത്തിന്റെ വിളംബരമായി അഷ്ടമുടിക്കായലിന്റെ ഇരുവശങ്ങളിലും ഒത്തുകൂടിയവരെ സാക്ഷിയാക്കി വഞ്ചിവീടുകളുടെ ഘോഷയാത്ര തുടങ്ങിയത്. ആദ്യമായാണ് ഇങ്ങനെയൊരു പരിപാടി വള്ളംകളിയുടെ ഭാഗമായി സംഘടിപ്പിച്ചത്. പ്രസിഡന്റ്സ് ട്രോഫി പവലിയന്‍ മുതല്‍ തേവള്ളി കടവ് വരെയായിരുന്നു ബോട്ട്‌റാലി.

ഉദ്ഘാടന ചടങ്ങില്‍ ഡി ടി പി സി സെക്രട്ടറി സി. സന്തോഷ് , സംഘാടക സമിതി അംഗങ്ങളായ കുരീപ്പുഴ ഷാനവാസ്, മങ്ങാട് ഉപേന്ദ്രന്‍,  സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഹൗസ്‌ബോട്ട് ഉടമകളുടെ സംഘടനാ ഭാരവാഹികള്‍, നാഷനല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍, ജില്ലാ ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.