സംസ്ഥാനത്തെ കായിക രംഗത്തിന്റെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് കിഫ്ബി മുഖേന നടപ്പിലാക്കുന്നതെന്ന് വ്യവസായ ,സ്പോർട്സ് വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ കായികരംഗം നേരിട്ട ഏറ്റവും വലിയ പ്രശ്നം അടിസ്ഥാന വികസനത്തിന്റെ അഭാവമാണ്. എന്നാലിന്ന് കായികരംഗം അഭിവൃദ്ധിയുടെ പാതയിലാണ് .കിഫ്ബ യിൽപെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങളിലും സിന്തറ്റിക് ട്രാക്ക് സജ്ജമാക്കി. 43 കായിക സമുച്ചയങ്ങളിൽ 24 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടന സജ്ജമാക്കി കഴിഞ്ഞു.

1000 കോടിയുടെ വികസനം സാധ്യമാകുമ്പോൾ 43 ഫുട്ബോൾ ഗ്രൗണ്ടുകൾ,27 സിന്തറ്റിക് ട്രാക്കുകൾ ,33 ഇൻഡോർ സ്റ്റേഡിയങ്ങള്‍ എന്നിവയുടെ നിർമ്മാണം പൂർത്തിയാകും. വിദേശ പരിശീലകരുടെ സേവനം നമ്മുടെ കായിക താരങ്ങൾക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. കായിക മേഖലയെ ഉണർവിന്റെ പാതയിലേക്ക് നയിക്കാൻ മുൻഗണന നൽകുകയാണ്. കേരളത്തിൽ ഈ വർഷം 2 സ്പോർട്സ് സ്കൂൾ ആരംഭിക്കും. കായിക താരങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. സന്തോഷ് ട്രോഫി ജേതാക്കളായ 11 കളിക്കാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകി കഴിഞ്ഞു. മലപ്പുറത്ത് ഫുട്ബാൾ അക്കാദമി തുടങ്ങും. കടലോര മേഖലയിലുള്ളവരെ ആകർഷിക്കാൻ ബീച്ച് ഫുട് ബോൾ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 16 വിദ്യാലയങ്ങളുള്ള മേപ്പയ്യൂരിൽ നല്ല കളിക്കളങ്ങൾ ഇല്ല എന്നത് പോരായ്മയാണ്. അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളങ്ങൾ മേപ്പയ്യൂരിലുണ്ടാകുന്നത് അഭിമാനമാണ്. ഒരു വർഷം കൊണ്ട് സ്പോർട്സ് ഫെസിലിറ്റി സെൻറർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ജില്ലയിൽ നിരവധി സ്വകാര്യ കളിക്കളങ്ങൾണ്ടാവുകയാണ് വലിയ മാറ്റമാണിത് .കി ഫ്ബി വഴി ലഭ്യമാകുന്ന വികസന പ്രവർത്തനങ്ങൾ തടയാൻ ചിലർ ശ്രമിക്കുന്നതായും അത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

രണ്ടാം ഘട്ട മേപ്പയ്യൂർ സ്കൂൾ വികസന പ്രവർത്തനങ്ങളും ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. മേപ്പയ്യൂർ സ്കൂളിൽ നീന്തൽകുളം സ്ഥാപിക്കാനുള്ള നടപടിയെടുക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ എക്സൈസ് – തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കായിക യുവജന കാര്യാലയം ഡയറക്ടർ ജെറോമിക് ജോർജ് സ്വാഗതം പറഞ്ഞു. കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ അജിത്ത് കുമാർ ബി റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ റീന, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി രാജൻ തുടങ്ങിയവർ പങ്കെടുത്തു .