സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അറിവ് നല്‍കുന്നതോടൊപ്പം മതനിരപേക്ഷതയുടെ കേന്ദ്രമായി മാറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. മാവൂര്‍ ജി.എം.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷവും കെട്ടിടോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് പരസ്പരം അടുത്തറിയാനുളള അവസരങ്ങളാണ് പൊതുവിദ്യാലയങ്ങള്‍ ഒരുക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ ആദ്യപാഠങ്ങളാണ് വിദ്യാലയങ്ങളിലൂടെ പകര്‍ന്ന് ലഭിക്കുന്നത്. എല്ലാ വിഭാഗത്തിലുളള കുട്ടികള്‍ക്കും ഒന്നിച്ചിരിന്ന് കളിക്കാനും പഠിക്കാനും സാധിക്കുന്നു. നാടിനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമെല്ലാം പൊതുവിദ്യാലയങ്ങളുടെ പരിസരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ 100 വിദ്യാർഥികളെ അധികമായി ചേർത്ത് രണ്ട് ഡിവിഷൻ പുതുതായി ആരംഭിച്ചാൽ വിദ്യാലയത്തിന് പിടിഎ റഹീം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിക്കാനുള്ള നടപടിക്രമങ്ങൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ചടങ്ങിൽ അറിയിച്ചു.ചടങ്ങിൽ പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് ശതാബ്ദി സ്മാരക കെട്ടിടം നിര്‍മ്മിച്ചത്. രക്ഷിതാക്കളും നാട്ടുകാരും നിര്‍മിച്ചു നല്‍കിയ ക്ലാസ് റൂമുകള്‍, എസ്.എം.സി നിര്‍മ്മിച്ച പാര്‍ക്ക്, എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത്, വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കവിതാ ഭായ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെഎം അപ്പു കുഞ്ഞൻ, മാവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുബൈദ കണ്ണാറ, സ്വാഗതസംഘം ചെയര്‍മാന്‍ വളപ്പില്‍ നാസര്‍, പ്രധാന അധ്യാപകന്‍ അബ്ദുള്‍ ബഷീര്‍ മാസ്റ്റര്‍, സ്വാഗതസംഘം ട്രഷറര്‍ അബ്ദുള്‍ സത്താര്‍ തുടങ്ങിയവർ സംസാരിച്ചു.