എല്ലാ മത ജാതി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികളും ജീവിതത്തിൽ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഇടകലർന്ന് ജീവിക്കുന്നതും പൊതുവിദ്യാലയങ്ങളിലാണെന്നും ബഹുസ്വരതയുടെ ഉൾക്കാഴ്ചയാണ് ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. വെള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളം സൗഹൃദത്തിനും സ്നേഹത്തിനും വിളനിലമായി നിലനിൽക്കുന്നതിന് പ്രധാനകാരണവും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇത്തരം കേന്ദ്രങ്ങളാണ് ഇന്ത്യയിൽ ഉണ്ടാവേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നല്ല സ്വീകാര്യതയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ വിദ്യാഭ്യാസമേഖലയിലെ കുതിച്ചുചാട്ടത്തിന് ലഭിച്ചത്.

എല്ലാവിധത്തിലും സർക്കാർ സ്കൂളുകൾ മികവുറ്റ കേന്ദ്രങ്ങളാവുകയാണ്. സർക്കാർ വിദ്യാലയങ്ങളിലെ ഓരോ ഡിവിഷനും മൂന്നെണ്ണം വീതം ഉണ്ടാകുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഒന്നാം ക്ലാസ് തൊട്ട് ആരംഭിച്ചുകഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്കൂളുകളിൽ എത്തിയത്. ഏറ്റവും നല്ല അധ്യാപക സേവനം ലഭിക്കുന്നത് സർക്കാർ വിദ്യാലയങ്ങളിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം അഡ്വ പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പുതിയതായി രൂപീകരിച്ച ജെ.ആര്‍.സി യൂണിറ്റിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി മിനി നിർവ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.കെ റംല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ ഷറഫുദ്ദീൻ, വാർഡ് മെമ്പർമാരായ കൃഷ്ണൻകുട്ടി വലിയപറമ്പിൽ, പ്രസീദ് കുമാർ, മഹിജ കുമാരി, സി.പി സൈറാബി, സുസ്മിത വിത്താരത്ത്, ഹെഡ്മാസ്റ്റർ എൻ അജയകുമാർ, പിടിഎ പ്രസിഡണ്ട് പി.പി ആനന്ദൻ, എം.പി.ടി.എ പ്രസിഡന്റ് സെയ്ദത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ കെ.എം മോഹനൻ, നിതീഷ് പുൽപറമ്പിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.