ക്ഷീരവികസന വകുപ്പ് മേലടി ബ്ലോക്ക് കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍ പി സ്‌കൂളില്‍ നടത്തിയ ക്ഷീര കര്‍ഷക സംഗമം ആത്മ കിസാന്‍ ഗോഷ്ഠി ശ്രദ്ധേയമായി. കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉല്ലാദനത്തിന് മികവുറ്റ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും കാലിത്തീറ്റയുടെ വില വര്‍ധനവും ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും എം.എല്‍.എ പറഞ്ഞു. 1350 കോടി രൂപ ക്ഷീരമേഖലയുടെ അഭിവൃദ്ധിക്കായി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട് .പാലില്‍ നിന്ന് വിവിധ ഉല്ലന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊ രാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുമായി സഹകരിച്ച് നടപടി തുടങ്ങിക്കഴിഞ്ഞതായും എം എല്‍ എ പറഞ്ഞു.

സംഗമത്തില്‍ 400 ലധികം ക്ഷീര കര്‍ഷകരും18 ക്ഷീര സംഘ പ്രതിനിധികളും പങ്കെടുത്തു. ആദായകരമായ പാലുത്പാദനം എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ ശോഭന എം, ഗുണമേന്മയുള്ള പാലുത്പാദനം എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ രശ്മി ആര്‍, കന്നുകുട്ടി മുതല്‍ പശുവരെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ .മീര മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു. ക്ഷീരവികസന വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് ശാരദ സി ആര്‍ മോഡറേറ്ററായി. ക്ഷീര കര്‍ഷകര്‍ക്ക് പുത്തന്‍ അറിവുകളാണ് ക്ഷീര വികസന സെമിനാര്‍ പകര്‍ന്നു നല്‍കിയത്.

സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനവും എക്സിബിഷനും നടത്തി. മികച്ച ക്ഷീര കര്‍ഷകരായി അശ്വതി പയ്യോളി അങ്ങാടി, വിമല വിളയാട്ടൂര്‍, പ്രഭാകരന്‍ എം ടി മുനമ്പത്ത് താഴെ, ഷൈനി മാടായി എന്നിവര്‍ അര്‍ഹരായി. ഇവര്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ നടന്നു. മികച്ച ക്ഷീരസംഘമായി പാലച്ചുവട് ക്ഷീര സംഘവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീര സംഘമായി കീഴ്പയ്യൂരും ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘമായി കൊഴുക്കല്ലൂരും തിരഞ്ഞെടുക്കപ്പെട്ടു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ സ്മിത എം.കെ, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍, കീഴരിയൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബു മാസ്റ്റര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് കീഴരിയൂര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു