‘മിഠായി’ കുട്ടിക്കൂട്ടം മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു


 ‘മിഠായി’ സാറ്റലൈറ്റ് സെൻററുകൾ എല്ലാ ജില്ലയിലും തുടങ്ങും -മന്ത്രി

പഞ്ചസാരയെ മാജിക്കിലൂടെ ‘മിഠായി’യാക്കി മാറ്റി കുട്ടിക്കൂട്ടം ഉദ്ഘാടനം ചെയ്ത് ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കായുള്ള ‘മിഠായി’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ കൂട്ടായ്മ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യവേയാണ് പഞ്ചസാര ഒഴിവാക്കണമെന്ന് സന്ദേശം മാജിക് കാട്ടി കുട്ടികൾക്ക് മുന്നിൽ മന്ത്രി അവതരിപ്പിച്ചത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് മന്ത്രി മാജിക് കാട്ടിയത്.

എല്ലാ ജില്ലകളിലും ‘മിഠായി’ പദ്ധതിയുടെ സാറ്റലൈറ്റ് സെൻററുകൾ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. രക്ഷിതാക്കൾ കൃത്യമായി ശ്രദ്ധിച്ചാൽ കുട്ടികളുടെ പ്രമേഹം നിയന്ത്രിച്ച് അവരുടെ പുഞ്ചിരി കാത്തുസൂക്ഷിക്കാവുന്നതേയുള്ളൂ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണം. പ്രമേഹ തലസ്ഥാനമെന്ന പേര് മാറ്റിയെടുക്കാൻ കേരളത്തിനാകണം.
മുതിർന്നവരുടെ പ്രമേഹവും കുറച്ചുകൊണ്ടുവരാനാകണം. പ്രമേഹബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും ഇൻസുലിൻ പെൻ, കണ്ടിന്യൂവസ് ഗ്ളൂക്കോസ് മോണിറ്ററിംഗ് ഡിവൈസ്, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും, ഭക്ഷണകാര്യ ഉപദേശങ്ങളും പരിചരണവുമാണ് ‘മിഠായി’ പദ്ധതി വഴി നടപ്പാക്കുന്നത്. പദ്ധതിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന അഭ്യർഥന മാനിച്ചാണ് എല്ലാ ജില്ലകളിലും ഈ സൗകര്യത്തിന് കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ 750 ലേറെ കുട്ടികളാണ് ‘മിഠായി’ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ, വയോജനങ്ങൾ സായംപ്രഭ, വയോമിത്രം, ട്രാൻസ്‌ജെൻഡറുകൾക്ക് ‘മഴവില്ല്’, ഭിന്നശേഷിക്കാർക്ക് ‘അനുയാത്ര’ ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ സാമൂഹ്യ സുരക്ഷാ മിഷൻ വഴി വിജയകരമായി നടപ്പാക്കി വരുന്നതായി മന്ത്രി പറഞ്ഞു.

എല്ലാരംഗത്തും രോഗങ്ങൾ നേരിടാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നത്. ‘അമൃതം ആരോഗ്യം’ എന്ന പേരിൽ എല്ലാവരുടേയും പ്രമേഹവും രക്തസമ്മർദ്ദവും പരിശോധിച്ച് രേഖപ്പെടുത്തുന്ന പദ്ധതിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
കുട്ടികൾക്കുള്ള ഇൻസുലിൻ പമ്പ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഞ്ചുലക്ഷം മുതൽ ആറുലക്ഷം രൂപ വരെ വിലവരുന്ന ഇൻസുലിൻ പമ്പാണ് പദ്ധതിവഴി സൗജന്യമായി നൽകുന്നത്.

ടൈപ്പ് 1 പ്രമേഹം: അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ സംബന്ധിച്ച കൈപ്പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. ചടങ്ങിൽ ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ ഡോ. ബിപിൻ ഗോപാൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി ഡയറക്ടർ ഷീബാ ജോർജ്, സാമൂഹ്യസുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാർ, ഡോ. വിജയകുമാർ, ഡോ. റിയാസ്, സാമൂഹ്യസുരക്ഷാ മിഷൻ അസി: ഡയറക്ടർ കെ. ജയചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.