വീടുകളിലും സ്ഥാപനങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനം
കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള കര്‍മ്മസേനകള്‍ ജനുവരി 21ന് ഭവനസന്ദര്‍ശനം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിക്കുന്ന കര്‍മ്മസേനകള്‍ രോഗപ്രതിരോധത്തിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്തി, ബോധവല്‍ക്കണം നടത്തും. വ്യക്തിശുചിത്വം, പരിസര ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുദ്ധജലലഭ്യത, കൊതുകുറവിട നശീകരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് കര്‍മ്മസേനകള്‍ ഭവനസന്ദര്‍ശനം നടത്തുകയെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 22 മുതല്‍ 25 വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക യോഗം നടത്തി അതത് സ്ഥലങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ജനുവരി 22 മുതല്‍ 31 വരെ അയല്‍കൂട്ട യോഗങ്ങളും മൈക്രോ െലവല്‍ പ്ലാന്‍ തയ്യാറാക്കലും നടക്കും. ജനുവരി 25 മുതല്‍ 30 വരെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് വാര്‍ഡ്തല ആരോഗ്യശുചിത്വകര്‍മ്മ സേനയ്ക്ക് രൂപം നല്‍കും. ജനുവരി 22-27 തിയതികളില്‍ കര്‍മ്മ സേനാംഗങ്ങള്‍ വീടുകളും സ്ഥാപനങ്ങളും, പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് ശുചിത്വ മാപ്പിംഗ് നടത്തും.  ജനുവരി 20 ആരോഗ്യ സ്ഥാപന/ആശുപത്രി ശുചീകരണ ദിനമായി ആചരിക്കും.  ജനുവരി 30-ന് മാര്‍ക്കറ്റുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുചീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 15-25 തിയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി, വിദ്യാഭ്യാസ വകുപ്പ്, പി.എര്‍.ഡി., ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍  ആരോഗ്യ ജാഗ്രതാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 17-ന് വീടുകള്‍, സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ സമ്പൂര്‍ണ ശുചീകരണം നടത്തി ആരോഗ്യജാഗ്രതാദിനമായി ആചരിക്കും. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും ജാഗ്രതാദിനം-ഡ്രൈഡേ (വെള്ളിയാഴ്ച്ച സ്‌കൂളുകളില്‍, ശനിയാഴ്ച്ച ഓഫീസുകളില്‍).
മാര്‍ച്ച് മാസം കഴിഞ്ഞ കാലങ്ങളില്‍ ഡെങ്കി ബാധിത പ്രദേശങ്ങളില്‍ കൊതുക് പെരുകുന്നതിനെതിരെ പ്രത്യേക ബോധവല്‍ക്കരമം നടത്തും.  ഏപ്രില്‍ 7, 8 തിയതികളില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യ ജാഗ്രതാപാലനം വിലയിരുത്തും. മാര്‍ച്ച് വരെ ഹരിതകര്‍മ്മസേന/എം.സി.എഫ്/ആര്‍.ആര്‍.എഫ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനം സുസ്ഥിരമാക്കുന്നതിനായി പ്രവര്‍ത്തിക്കും. ഏപ്രില്‍ വരെ നഗരസഭകള്‍ക്ക് വേണ്ടി ആരോഗ്യ ജാഗ്രത പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഈ വര്‍ഷം പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാനും പകര്‍ച്ചവ്യാധി മരണങ്ങള്‍ കാര്യമായി കുറയ്ക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി പല മുന്നൊരുക്കങ്ങളും കാലാകാലങ്ങളില്‍ നടത്തിയിട്ടുണ്ടെങ്കിലും വിവിധങ്ങളായ കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികളെ പൂര്‍ണമായി തടയുന്നതിന് സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.  കാലോചിതമായ മാറ്റങ്ങളിലൂടെ ഫലപ്രദമായ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളാണ് ഈ പദ്ധതിയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യരംഗത്ത് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളമെങ്കിലും, മഴക്കാല പകര്‍ച്ചവ്യാധികള്‍ ഇപ്പോഴും ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017-ല്‍ പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1 എന്നിവയും ഇവ മൂലമുള്ള മരണങ്ങളും കൂടുതലായിരുന്നു.
സംസ്ഥാനത്ത് മുഖ്യ ആരോഗ്യപ്രശ്‌നമായി മാറുന്ന പകര്‍ച്ചവ്യാധികള്‍ പ്രധാനമായും കൊതുകുജന്യരോഗങ്ങളും, ജലജന്യരോഗങ്ങളുമാണ്. ഇവയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന സാമൂഹിക ഘടകങ്ങളായ പരിസരശുചിത്വം, മാലിന്യനിര്‍മ്മാര്‍ജ്ജനം, കൊതുക് നിയന്ത്രണം, കുടിവെള്ള ശുചിത്വം തുടങ്ങിയവയ്ക്ക് വലിയ പങ്കുണ്ട്. ഇക്കാര്യത്തില്‍ ഓരോ വകുപ്പുകളും വഹിക്കേണ്ട പങ്ക് വ്യക്തമായി നിര്‍വചിച്ചാണ് ആരോഗ്യജാഗ്രത പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. നിയമം അനുശാസിക്കുന്ന നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഗ്രാമ-നഗര പ്രദേശങ്ങളില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികള്‍ ജനപ്രതിനിധികളുടെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ആരോഗ്യമിഷന്റെ വാര്‍ഡ്തല ഫണ്ട് വിഹിതമായ 10000 രൂപയ്ക്ക് പുറമേ, ശുചിത്വമിഷന്റെ 10000 രൂപയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വഴിയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ ഫലപ്രദമാക്കാന്‍ വാര്‍ഡ്തല ശുചിത്വ പോഷണ സമിതികള്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ശാക്തീകരിക്കും. വാര്‍ഡ്തലത്തില്‍ 25-50 വീടുകള്‍ക്ക് ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നാലു പേര്‍ വരെ അടങ്ങിയ കര്‍മ്മ സേന രൂപീകരിച്ച് ഫലപ്രദമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
 ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളില്‍ ആവശ്യമായ ഇരിപ്പിടങ്ങളും ടോക്കണ്‍ സംവിധാനവും ഉറപ്പാക്കും. രോഗനിര്‍ണയത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശവും മാനദണ്ഡങ്ങളും പാലിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടു കൂടി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എസ്. സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, അഡീ. ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.