പുനർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ചാണോക്കുണ്ടിൽ നിലവിലുള്ള ഇടുങ്ങിയതും അപകട സാധ്യതയുള്ളതുമായ പാലത്തിന് പകരം പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. പാലത്തിന്റെ പുനർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു.
പാലം നിർമ്മാണത്തിന് വലിയ പ്രാധാന്യമാണ് ഈ സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 400 ഓളം പാലങ്ങളുടെ നിർമ്മാണ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. 50 പാലങ്ങൾ പുതുതായി നിർമ്മിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമ്മാണം.  കണ്ണൂർ ജില്ലയിൽ തന്നെ 11 പാലങ്ങളുടെ നിർമ്മാണ പ്രവൃത്തി നടന്നു വരികയാണ്.
100 വർഷത്തെ ആയുസ്സ് കണക്കാക്കിയാണ് ഒരു പാലം നിർമ്മിക്കുന്നത്. ശരിയായ രീതിയിൽ നിർമ്മാണം നടത്തിയില്ലെങ്കിൽ ഒരു വർഷം കൊണ്ട് തന്നെ അവ ഇല്ലാതാകും. പാലാരിവട്ടം പാലം പൊളിച്ച് പണിയേണ്ട അവസ്ഥയാണ്. ഗതാഗതം മെച്ചപ്പെടുത്തുന്നതിനായാണ് ഈ പ്രവൃത്തികളെല്ലാമെന്നും കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
താൽക്കാലികമായി അനുബന്ധ റോഡ് നിർമ്മിച്ച് ഗതാഗതയോഗ്യമാക്കി നിലവിലുള്ള പാലത്തിന്റെ സ്ഥാനത്ത് റോഡിന്റെ അലൈൻമെന്റിൽ തന്നെയാണ് ചാണോക്കുണ്ടിൽ പുതിയ പാലം നിർമ്മിക്കുന്നത്. 16.70 മീറ്റർ നീളത്തിൽ 1.50 മീറ്റർ നടപ്പാതകൾ ഉൾപ്പെടെ 11.05 മീറ്റർ വീതിയിൽ അനുബന്ധ റോഡുകളുമായാണ് പ്രവൃത്തി. ഇതിനായി 174 ലക്ഷം രൂപയുടെ ഭരണാനുമതിയും ആർ സി സി ട്രിപ്പിൾ ബോക്സ് കൽവർട്ടിനുള്ള സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്.
ചാണോക്കുണ്ട്  സെൻറ് ജൂഡ് പള്ളി പരിസരത്ത് നടന്ന ചടങ്ങിൽ ജെയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം മൈമുനത്ത്, വൈസ് പ്രസിഡണ്ട് സാലി നാട്ടുപറമ്പിൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പി ഗോവിന്ദൻ,   കോഴിക്കോട് ഉത്തരമേഖല പാലങ്ങൾ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ പി കെ മിനി, കണ്ണൂർ വിഭാഗം  എക്സിക്യൂട്ടീവ് എഞ്ചിനീയർ സി രാജേഷ് ചന്ദ്രൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമലാക്ഷൻ പാലേരി, സെന്റ് ജൂഡ് പള്ളി വികാരി ജിയോ പുളിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.