കണ്ണൂർ: റോഡുകൾ ഗുണമേന്മേയോടെ വേഗത്തിൽ പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. തൃക്കരിപ്പൂർ മാത്തിൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ  പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള റോഡ് തകർന്നാലും പഴി സംസ്ഥാന ഗവൺമെന്റിനാണ്. എന്നാൽ റോഡു വികസനത്തിന്  ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് പിണറായി സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ തുക അനുവദിച്ച ജില്ല കണ്ണൂരാണ്. വടക്കൻ ജില്ലകളോടുള്ള അവഗണന മാറ്റിയത് ഈ ഗവൺമെന്റാണ്. ജില്ലയിലെ പി ഡബ്ല്യു ഡി റോഡ് നല്ല നിലയിൽ നിർമ്മിക്കുവാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 ചടങ്ങിൽ സി കൃഷ്ണൻ എം എൽ എ അധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എം പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തംഗം പി ജാനകി ടീച്ചർ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ, കാങ്കോൽ ആലപടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി ഉഷ,  ദേശീയ പാത വിഭാഗo സൂപ്രണ്ടിങ്ങ് എഞ്ചിനിയർ ടി എസ് സിന്ധു, എക്സിക്യുട്ടീവ് എഞ്ചിനിയർ ഇൻ ചാർജ് കെ വി ശശി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
     കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ  ഈയക്കാട് പാലം മുതൽ കണ്ണൂർ ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ പയ്യന്നൂർ ചെറുപുഴ റോഡിലെ മാത്തിൽ ഗുരുദേവ കോളേജിൽ എത്തിച്ചേരുന്ന റോഡ് കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. റോഡിന്റെ ആകെ വീതി 10 മീറ്ററായി വികസിപ്പിച്ച് കലുങ്കുകൾ, ഓടകൾ, എന്നിവ നിർമ്മിച്ച് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങുമാണ് പദ്ധതി. 15 കോടി രൂപ ചെലവിൽ 9 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.