പയ്യന്നൂർ – അന്നൂർ – വെള്ളൂർ റോഡ് പ്രവൃത്തി തുടങ്ങി
കണ്ണൂർ:  റോഡുകൾ ദീർഘ കാലം നില നിൽക്കുന്ന തരത്തിലുള്ള നിർമ്മാണ രീതി  നടപ്പിലാക്കാ നാണ് സർക്കാർ  ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അഭിപ്രായപ്പെട്ടു.പയ്യന്നൂർ അന്നൂർ വെള്ളൂർ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 സംസ്ഥാനത്ത് കാലാവസ്ഥയിൽ കാര്യമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.മുൻപ് നാല് മാസം മാത്രമാണ്  മഴ ഉണ്ടായിരുന്നത്‌. ഇപ്പോൾ ഈ കാലാവസ്ഥ മാറി.  ഇത്  കാരണം കൂടുതൽ മാസവും റോഡ് നിർമ്മാണം നമുക്ക് ദുഷ്കരമാവുകയാണ്.  റോഡിന്റെ ആയുസ്സ് വർധിപ്പിക്കാൻ നിരവധി വഴികൾ സർക്കാർ ആലോചിച്ച് നടപ്പിലാക്കിയിരുന്നു. എന്നാൽ പ്രവൃത്തിയിലേക്കെത്തുമ്പോൾ ഇതൊന്നും  കാര്യക്ഷമമായി നടപ്പിലാകുന്നില്ല.
കോൺട്രാക്ടർ മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ച്ചയാണ് ഇതിന് പ്രധാന കാരണം. റബ്ബറും കയർ ഭൂവസ്ത്രവും ഉപയോഗിച്ച്  ടാറിങ്ങ് നടത്തുകയാണ് കണ്ടെത്തിയ നല്ലൊരു മാർഗ്ഗം. ഈ പ്രക്രിയ  വഴി അഞ്ചു മുതൽ ഏഴു വർഷം വരെ റോഡ് കേടുപാടുകൾ കൂടാതെ നിലനിൽക്കുമെന്ന് കണ്ടെത്തിയതുമാണ് . പക്ഷെ എല്ലായിടത്തും അത് ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഈ സംവിധാനം നടപ്പാക്കിയാൽ കയർ മേഖലക്കും’ റബ്ബർ മേഖലക്കും അതു ഗുണകരമാകുമെന്നും മന്ത്രി വിശദീകരിച്ചു.
പ്രവൃത്തികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എഞ്ചിനിയർമാരുടെയും അതത് പ്രദേശത്തെ എം എൽ എ ഉൾപ്പടെ ഉള്ളവരുടെയും  നിരീക്ഷണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഒരു വികസന പ്രവർത്തനവും നടത്തണമെന്ന് സർക്കാറിനില്ല. നല്ല റോഡും യാത്രാ സൗകര്യവും ജനങ്ങളുടെ ആവശ്യമാണ്. പക്ഷെ സ്ഥലമേറ്റെടുപ്പുൾപ്പടെ വരുമ്പോൾ ജനങ്ങൾ സർക്കാറിനെതിരാവുകയാണ്.
മനസ്സു കൂടി നന്നാവുമ്പോൾ മാത്രമെ നവകേരളം സാധ്യമാവുയുള്ളു. ഒരാൾ മരിക്കാൻ കിടക്കുമ്പോൾ അയാളെ ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്ന് സുൽത്താൻ ബത്തേരി സംഭവം ഉദ്ധരിച്ച് മന്ത്രി കൂട്ടിച്ചേർത്തു.
    ചടങ്ങിൽ സി കൃഷ്ണൻ എം എൽ എ അധ്യക്ഷനായി. നിരത്തുകൾ വിഭാഗം ജില്ല എക്സിക്യുട്ടീവ് എഞ്ചിനിയർ കെ ജിഷാ കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ, കൗൺസിലർ ടി ഇ ഉഷ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ ഗംഗാധരൻ, സി കരുണാകരൻ, കെ വി ബാബു, എസ് എ ഷുക്കൂർ ഹാജി, ഇക്ബാൽ പോപ്പുലർ, എ വി തമ്പാൻ, കെ ഹരികുമാർ, പി രത്നാകരൻ, പി വി ദാസൻ , നിരത്തുകൾ വിഭാഗം കോഴിക്കോട് നോർത്ത് സർക്കിൾ സുപ്രണ്ടിങ്ങ് എഞ്ചിനിയർ ഇ ജി വിശ്വ പ്രകാശ്, പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം തളിപ്പറമ്പ അസിസ്റ്റൻറ് എക്സിക്യുട്ടിവ് എഞ്ചിനിയർ സി ദേവേശൻ തുടങ്ങിയവർ സംസാരിച്ചു.
       പയ്യന്നൂർ നഗരസഭയിലൂടെ കടന്ന് പോകുന്ന മണ്ഡലത്തിലെ തന്നെ പ്രധാന റോഡായ പയ്യന്നൂർ അന്നൂർ വെള്ളൂർ റോഡ് 2018-19 വർഷത്തെ ബജറ്റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് അഭിവൃദ്ധിപ്പെടുത്തുന്നത്. 8 കോടി രൂപ ചെലവിൽ 9 മാസം കൊണ്ട് 7 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ്ങ് പൂർത്തിയാക്കും.