അഞ്ചാമത് കളിക്കളം കായികമേളയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് ആവേശമായി ‘വീരു’ എന്ന ആനക്കുട്ടി. ഈ വർഷത്തെ കളിക്കളത്തിന്റെ ഭാഗ്യചിഹ്നമാണ് ‘വീരു’. കുട്ടികളുടെ ചുറുചുറുക്കും കുസൃതിയും കുട്ടിയാനകൾക്കുമുണ്ട് എന്നതാണ് വീരുവിനെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം. മാത്രമല്ല കാട്ടിൽ താമസിക്കുന്നവർ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന മൃഗവും ആനതന്നെ. ഞാറനീലി ട്രൈബൽ സ്‌കൂളിലെ കുട്ടികൾക്കിടയിൽ മത്സരം നടത്തി തിരഞ്ഞെടുത്ത പേരാണ് ‘വീരു’. എല്ലാ ദിവസവും വൈകിട്ട് സമ്മാനദാനം നടക്കുമ്പോൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ‘വീരു’ എത്തുകയും കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യും. കളിക്കളത്തിലെ താരമായി മാറിയിരിക്കുകയാണ് ‘വീരു’.

മെഡലുകൾ കൊയ്ത് ഇടമലക്കുടിയുടെ രാജകുമാരൻ

പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായിക മത്സരമായ കളിക്കളത്തിലെ ഓട്ടമത്സരയിനത്തിൽ മെഡലുകൾ കൊയ്ത് ഇടമലക്കുടിയിലെ എ. രാജകുമാരൻ. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും രാജകുമാരൻ കരസ്ഥമാക്കി. അടിമാലി ഗവണ്മെന്റ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയാണ് രാജകുമാരൻ. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട രാജകുമാരൻ അഞ്ചാം ക്ലാസ് മുതൽ അടിമാലി ട്രൈബൽ പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലിൽ താമസിച്ചാണ് പഠനം തുടരുന്നത്. അടിമാലി ഗവൺമെന്റ് ഹൈ സ്‌കൂളിലെ കായികാധ്യാപകനായ സുരേന്ദ്രനാണ് പരിശീലകൻ. കഠിനാധ്വാനമാണ് വിജയത്തിനു പിന്നിലെന്നും പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനുള്ള പരിശ്രമം തുടരുമെന്നും രാജകുമാരൻ പറയുന്നു.

ചിട്ടയായ പരിശീലനത്തിലൂടെയാണ് രാജകുമാരൻ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ കളിക്കളത്തിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ രാജകുമാരൻ വെള്ളിമെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ 400 മീറ്റർ റിലേയിൽ രണ്ടാംസ്ഥാനവും നേടി. രാജകുമാരനിൽ ഏറെ പ്രതീക്ഷയാണുള്ളതെന്നും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈ താരത്തിന് സാധിക്കുമെന്നും പരിശീലകൻ പറയുന്നു.

നീന്തികയറി ചാലക്കുടി റസിഡൻഷ്യൽ സ്‌കൂൾ

കളിക്കളത്തിൽ നീന്തൽ മത്സരത്തിൽ മെഡലുകൾ വാരികൂട്ടി ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ. ജൂനിയർ വിഭാഗം പെൺകുട്ടിളുടെ 50, 100 മീറ്റർ നീന്തലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിവ്യ ജോസ് സ്വർണ്ണമെഡൽ നേടി. പ്ലസ്ടു വിദ്യാർഥിനിയായ ഇന്ദുജ സീനിയർ വിഭാഗം പെൺകുട്ടികളുടെ 50 മീറ്റർ നീന്തലിൽ സ്വർണവും 100 മീറ്റർ നീന്തലിൽ വെള്ളിയും കരസ്ഥമാക്കി. കഴിഞ്ഞ രണ്ടു കളിക്കളം കായികമേളയിലും  മികച്ച പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ട സിനി തോമസിന്റെ ശിക്ഷണത്തിലാണ് ഇരുവരുടെയും പരിശീലനം. ചാലക്കുടി കോസ്മോ സ്വിമ്മിംഗ് ക്ലബിലും ഇവർ പരിശീലനം നേടുന്നുണ്ട്. പട്ടികവർഗ വികസന വകുപ്പും സ്‌കൂളും പൂർണ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.

ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ നിന്നും 41 പെൺകുട്ടികളാണ് വിവിധ ഇനങ്ങളിലായി കളിക്കളത്തിൽ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓവറാൾ ചാമ്പ്യന്മാർ കൂടിയായിരുന്നു ചാലക്കുടി എം.ആർ.എസ്.

അമ്പെയ്ത്തിൽ ഹർഷ ബാബുവിന് സ്വർണം

കളിക്കളത്തിൽ അമ്പെയ്ത്ത് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജി.എം.ആർ.എസ് കണിയാംപറ്റയിൽ പ്ലസ് ടു വിദ്യാർഥിനി ഹർഷ ബാബു. കഴിഞ്ഞ വർഷത്തെ കളിക്കളത്തിൽ കരസ്ഥമാക്കിയ സ്വർണ്ണം നിലനിർത്താൻ ഇതോടെ ഹർഷയ്ക്കായി. സീനിയർ വിഭാഗം പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ 256 പോയിന്റ് നേടിയാണ് ഹർഷ ഒന്നാമതെത്തിയത്. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ അമ്പെയ്ത്തിൽ ഹർഷ രണ്ടാംസ്ഥാനം നേടിയിരുന്നു. അച്ചടക്കമുള്ള പരിശീലനമാണ് തന്നെയാണ് ഹർഷയുടെ വിജയത്തിനു പിന്നിലെന്ന് പരിശീലകൻ ഗംഗാധരൻ മാഷ് പറയുന്നു. കഴിഞ്ഞ നാലു വർഷങ്ങളായി കളിക്കളം കായിക മേളയിലെ നിറസാന്നിധ്യം കൂടിയാണ് ഹർഷ. ഇതേ സ്‌കൂളിലെ വിദ്യാർഥിനിയായ സഹോദരി സ്വരൂപ ഖോ ഖോ ജൂനിയർ വിഭാഗം താരമാണ്.