കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന വില്ലേജ് ഹാറ്റ് – ഗ്രാമീണ ചന്തയുടെ  ശിലാസ്ഥാപനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ഗ്രാമീണ മേഖലയ്ക്ക് ഏറെ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ് അധ്യക്ഷനായി. ആലുംമൂട് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ആഴ്ച്ചചന്ത പ്രധാനമായും മത്സ്യ കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.  ഇത് ദിവസ ചന്തയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്‍ പറഞ്ഞു.

ഇളമ്പള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജയകുമാരി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ ലാസര്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ ജോര്‍ജ് അലോഷ്യസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.