ബലം പ്രയോഗിച്ചുളള മദ്യവര്‍ജ്ജനം നടപ്പാക്കലല്ല സര്‍ക്കാര്‍ നയം. ശരിയായ ബോധവല്‍ക്കരണത്തിലൂടെ മദ്യാസക്തിയില്‍ നിന്ന് സമൂഹത്തെ വിമോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന 90 ദിന ജില്ലാതല ബോധവല്‍ക്കരണ തീവ്രയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കള്‍ നിരാകരിക്കാനുളള ആത്മബോധമാണ് ഏവര്‍ക്കും വേണ്ടത്. നിയമനിര്‍മ്മാണങ്ങള്‍ ഇല്ലാതെയും പോലീസിന്റെയോ എക്‌സൈസിന്റെയോ സമ്മര്‍ദ്ദമോ നിയന്ത്രണങ്ങളോ കൂടാതെയും ലഹരി വസ്തുക്കളെ നിരാകരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
പുതിയരൂപത്തിലുളള ലഹരിവസ്തുക്കളുമായി മാഫിയകള്‍ വിദ്യാലയ കവാടങ്ങളിലെത്തുന്ന അപകടകരമായ സാഹചര്യത്തെ ചെറുക്കേണ്ടതുണ്ട്. ആദിവാസി കോളനികളും ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു. ഇത്തരം വിപത്തുകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും ആവശ്യമാണ്. മദ്യവിപത്തിനെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.അന്‍സിരി ബീഗു തുടങ്ങിയവര്‍ സംസാരിച്ചു. രാഹുല്‍ഗാന്ധി എം.പി.യുടെ ലഹരി വിരുദ്ധ സന്ദേശം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോര്‍ജ് വായിച്ചു.

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശവുമായി ജനുവരി 31 വരെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെയും കോളജിലെയും വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.