ആലപ്പുഴ:ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച പുന്നപ്രയിലെ മിൽമ സെൻട്രൽ പ്രോഡക്ട് ഡയറി ഇന്നു കൂടി പൊതുജനങ്ങൾക്ക് സന്ദർശിക്കാം.സമ്പുർണ പോഷകാഹാരമെന്ന നിലയിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങൾ തിരിച്ചറിയുകയും അവയുടെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ക്ഷീര ദിനത്തോട് അനുബന്ധിച്ച് ഇന്നലെയും ഇന്നും ജനങ്ങൾക്ക് കാണാനായി ഡയറി തുറന്നു കൊടുത്തത്.

1975ൽ ആണ് ആലപ്പുഴയിൽ മിൽമ ആരംഭിക്കുന്നത്. ആദ്യം പാൽ ഉത്പാദനത്തിൽ ആരംഭിച്ച ഡയറിയിൽ ഇപ്പോൾ ഡബിൾ ടോൺഡ് പാൽ, ഹോമോജനൈസ്ഡ് പാൽ, തൈര്, 12 തരത്തിലുള്ള ഫ്ളേവേർഡ് മിൽക്ക് (മിൽമ പ്ലസ് ) നെയ്യ്, മാംഗോ ജ്യൂസ്, ഡയറി വൈറ്റ്‌നർ, കുപ്പി വെള്ളം തുടങ്ങി വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്.സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അത്യാധുനിക ലാബ് ആണ് ആലപ്പുഴ മിൽമയിലുള്ളത്.ഓരോ അര മണിക്കൂറിലും ഒന്നര മിനിറ്റ് ദൈർഘ്യമുള്ള പരിശോധനയിലൂടെ പാലിന്റെ ഗുണ മേന്മ ഉറപ്പുവരുത്തുന്നു.നൂതന സാങ്കേതിക വിദ്യകളിലൂടെ എല്ലാ ഉത്പന്നങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തുന്നുണ്ടെന്ന് മിൽമ ആലപ്പുഴ ഡയറി അസിസ്റ്റന്റ് ക്വാളിറ്റി സ്‌പെഷ്യലിസ്‌റ് വി എസ് മുരളീധരൻ പറഞ്ഞു.

ദിവസവും ഒരു ലക്ഷം ലിറ്റർ പാലാണ് ഡയറിയിൽ സംഭരിച്ച വിവിധ തരം ഉത്പന്നങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ജില്ലയിലെ 1538 സൊസൈറ്റികളിൽ നിന്നായി ഡയറിയിലേക്ക് ആവശ്യമായ 75 ശതമാനം പാൽ ലഭ്യമാക്കുന്നുണ്ട്. ബാക്കി 25ശതമാനം പാൽ മലബാർ മേഖലയിൽ നിന്നുമാണ് എത്തിക്കുന്നത്.1000ൽ കൂടുതൽ ഏജൻസികളുണ്ട് ജില്ലയിൽ ഇപ്പോൾ.

മിൽമ കാണാനായി ജില്ലയിലെ നാനാ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സ്‌കൂൾ വിദ്യാർത്ഥികളാണ് തിങ്കളാഴ്‌ച എത്തിച്ചേർന്നത്. മുതിർന്നവരും ഏറെയെത്തി.പാൽപൊടി, നെയ്യ്, വിവിധ തരം ശീതള പാനീയങ്ങൾ അവയുടെ നിർമാണ യന്ത്രങ്ങൾ, പ്രവർത്തനങ്ങൾ എല്ലാം ഡയറി ജീവനക്കാർ വിവരിച്ചു കൊടുത്തു. സന്ദർശകർക്ക് ശീതള പാനീയങ്ങൾ നൽകുകയും ചെയ്തു.

ഈ വർഷം വിദ്യാർത്ഥികളെയും മുതിർന്നവരെയും ഉൾപ്പെടെ 30,000 ആളുകളെയാണ് രണ്ടു ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നതെന്ന് പ്രൊഡക്ഷൻ അസിസ്റ്റന്റ് മാനേജർ ഫിലിപ്പ് തോമസ് പറഞ്ഞു. കൂടാതെ ഇന്നലെയും ഇന്നുമായി മിൽമ ഉത്പന്നങ്ങൾ മിതമായ വിലയിൽ വാങ്ങിക്കുവാനുള്ള അവസരവും മിൽമ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം രണ്ടു ദിവസങ്ങളിലായി എട്ടു ലക്ഷത്തിന്റെ ഉത്പന്നങ്ങളാണ് മിൽമ വിറ്റത്. ഈ വർഷം രണ്ടു ദിവസങ്ങളിലായി 10 ലക്ഷം രൂപയുടെ വില്പന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. പൊതുജനങ്ങൾക്ക് മിൽമ ഡയറി കാണാനുള്ള അവസരം ഇന്ന് വൈകുന്നേരം നാലു മണിയോടെ അവസാനിക്കും.

ദൈനംദിന ആരോഗ്യക്രമത്തിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദേശീയ ക്ഷീര ദിനാചരണത്തിന്റെ ലക്‌ഷ്യം. ഇന്ത്യൻ കാർഷിക സമ്പദ് ഘടനയുടെ നട്ടെല്ലാണ് ക്ഷീര മേഖല. പാൽ ഉത്പാദനത്തിൽ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതിൽ അക്ഷീണം പ്രയത്‌നിച്ച ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മ ദിനമാണ് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്.