ആലപ്പുഴ: മികച്ച ഭൗതികസൗകര്യങ്ങളോടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തി തീരദേശത്തെ ഏറ്റവും മികച്ച സ്‌കൂളായി പൊള്ളേത്തൈഗവണ്‍മെന്റ് ഹൈസ്‌കൂളിനെ മാറ്റുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. പൊള്ളേത്തൈ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ പുതിയതായി നിര്‍മിക്കുന്ന ബഹുനിലകെട്ടിടം ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളില്‍ കുട്ടികളുടെ പഠനനിലവാരമുയര്‍ത്താന്‍ ചെറിയക്ലാസ്സുകളില്‍ നിന്നു തന്നെ പരിശ്രമം തുടങ്ങണം, അതിലൂടെ എസ്. എസ്. എല്‍. സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടാന്‍ സ്‌കൂളുകള്‍ക്കും, കൂടുതല്‍ എ പ്ലസുകള്‍ നേടാന്‍ കുട്ടികള്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പഠനത്തിനൊപ്പം തന്നെ കുട്ടികളിലെ അന്തര്‍ലീനമായ വാസനകള്‍ കണ്ടെത്താന്‍ വിദ്യാലയങ്ങളില്‍ അധ്യാപകരുടെയും, രക്ഷാകര്‍ത്താക്കളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്, ഇതിനായി ബ്ലോക്ക് പഞ്ചായത്തുമായിച്ചേര്‍ന്നു പദ്ധതി കള്‍ രൂപീകരിക്കും. ബഹുനില കെട്ടിടമുയരുന്നതിനൊപ്പം തന്നെ മികച്ച കളിസ്ഥലവും, സ്‌കൂളിനോട് ചേര്‍ന്ന് പൂത്തോട്ടങ്ങളുമൊരുങ്ങും.

മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരിനു സാധിച്ചു, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നും കഴിഞ്ഞ അധ്യയനവര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കു എത്തി. മികച്ച മാറ്റത്തോടെ എല്ലാവര്‍ക്കും നല്ലവിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശമേഖലയിലെ സ്‌കൂളായ പൊള്ളത്തൈ ഹൈസ്‌കൂളിനെ 4 കോടി രൂപ ചെലവിട്ടാണ് രാജ്യാനന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് , ബജറ്റില്‍ അനുവദിച്ച മൂന്നുകോടി രൂപയും, മന്ത്രി തോമസ് ഐസക്കിന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്നും 76 ലക്ഷം രൂപയും ചെലവിടും.

15 ക്ലാസ്സ് റൂമുകള്‍, സയന്‍സ്, മാത്സ് ലാബുകള്‍, ഹൈടെക് ക്ലാസുകള്‍, കൗണ്‍സലിംഗ് ക്ലാസുകള്‍ തുടങ്ങിയവ ഉണ്ടാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. ആര്യട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനില്‍ കുമാര്‍ , മാരാരിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, തദ്ദേശസ്വയം സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ടി അന്നമ്മ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു