ആലപ്പുഴ: സര്‍ക്കാര്‍ തുടങ്ങുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയില്‍ കായലിലെ 14 ഇടങ്ങള്‍ കരിമീന്‍ സംരക്ഷിത സങ്കേതങ്ങളാക്കി മാറ്റുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയില്‍ 14 മത്സ്യ സങ്കേതങ്ങളും 14 കക്ക പുനരുജ്ജീവന യൂണിറ്റുകളും സ്ഥാപിക്കുന്നതിന് ആദ്യപടിയായി മണ്ണഞ്ചേരി പഞ്ചായത്തിലെ അമ്പലക്കടവ് ആദ്യ മത്സ്യ സംരക്ഷിത മേഖലയായും മണ്ണഞ്ചേരി കിഴക്ക് കക്കാ പുനരുജ്ജീവന മേഖലയായും പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ.

മത്സ്യബന്ധനത്തിന് അശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ മത്സ്യ ഉല്‍പ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് കണ്ടതായി മന്ത്രി പറഞ്ഞു. പ്രജനന സമയത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വഴി കടല്‍ മത്സ്യ ഉല്‍പ്പാദനത്തില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 4.8 ലക്ഷം മെട്രിക് ടണ്‍ കടല്‍ മത്സ്യ ഉല്‍പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6.2 ലക്ഷം മെട്രിക് ടണ്‍ ഉത്പാദനം വര്‍ധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ഇതിന്റെ നേട്ടം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കടലില്‍ നിന്ന് മത്തി അപ്രത്യക്ഷമായിരുന്ന സ്ഥിതിമാറി ഇപ്പോള്‍ ധാരാളം മത്തി ലഭിക്കുന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.

അശാസ്ത്രീയമായ മത്സ്യബന്ധനത്തിന് എതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും വലിയ പിഴ ഈടാക്കുകയും ചെയ്തതോടെയാണു മത്സ്യ സമ്പത്ത് വര്‍ധിച്ചത്. ഏറ്റം കെട്ടല്‍ നിയമ വിരുദ്ധമായ കാര്യമാണെന്നും അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കക്ക ജലം ശുദ്ധീകരിക്കുന്നതാണ്. വേമ്പനാട്ടുകായലില്‍ പദ്ധതിയുടെ ഭാഗമായി കക്കയ്ക്കും സംരക്ഷിതമേഖല ഒരുക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ കാര്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.

മത്സ്യത്തെ മത്സ്യത്തൊഴിലാളികള്‍ തന്നെ സംരക്ഷിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണം. പദ്ധതിയുടെ ആദ്യ ഘട്ടമായി ജില്ലയ്ക്ക് 160 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ധനകാര്യവകുപ്പുമന്ത്രി ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി വിദഗ്ധ സമിതി യംഗം ഡോ.കെ.കെ.അപ്പുക്കുട്ടന്‍, ഇന്‍ലാന്‍ഡ് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി.ഇഗ്നേഷ്യസ് മണ്ഡ്രോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം.ശ്രീകണ്ഠന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.ജ്യോതിസ്, സൂസന്‍ സെബാസ്റ്റ്യന്‍, ഷീലാ സജീവ്, പഞ്ചായത്ത് അംഗങ്ങളായ ഹസീനാ ബഷീര്‍, കെ.വി.മേഘനാഥന്‍, സി.ശ്യാംജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഹൈര്‍ എന്നിവര്‍ പ്രസംഗിച്ചു.