ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്സ്മേള-2018-ല്‍ ശ്രീലങ്കയില്‍ നിന്നുളള കരകൗശല വിദഗ്ദ്ധരുടെ ഉത്പന്നങ്ങളില്‍ തികഞ്ഞ പാടവത്തോടെ തീര്‍ത്ത സെറാമിക് ഗ്ലാസുകളും പനയോല ബാഗുകളും ആകര്‍ഷകമാകുന്നു. സെറാമിക് ഗ്ലാസിന്റെ ഒരു സെറ്റിന് 5000 രൂപയാണ് വില വരിക. അങ്ങനെ വിവിധ വിലകളില്‍ വിവിധ ശൈലികളില്‍ തീര്‍ത്ത സെറാമിക് ഉത്പന്നങ്ങളുടെ മനോഹാരിത കണ്ടറിയേണ്ടതാണ്. പനയോലയില്‍ അല്‍പം സ്വല്‍പം ചിത്രകലയോടെ തീര്‍ത്ത ഹാന്‍ഡ് ബാഗുകളും കണ്ണിനിമ്പമാണ്. വിലയ്ക്കനുസൃതമായി ഈടും ഉത്പാദകര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ശ്രീലങ്കയിലെ നാഷണല്‍ ക്രാഫ്റ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മേളയില്‍ രണ്ട് സ്റ്റാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പനയോല, സെറാമിക്, വെളളി, റബ്ബര്‍, ഹാന്‍ലൂം, മരങ്ങള്‍,ചിരട്ട തുടങ്ങിയ ശ്രീലങ്കയിലെ തനത് വസ്തുക്കള്‍ ഉപയോഗിച്ച് തീര്‍ത്ത ആഭരണങ്ങള്‍, ബാഗുകള്‍, കളിക്കോപ്പുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമെ വസ്ത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 50-തിലേറെ ശ്രീലങ്കന്‍ ഉത്പന്നങ്ങള്‍ 30 മുതല്‍ 35,000 രൂപ വരെയുളള വിലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിലോണ്‍ ചായ, കാപ്പിപൊടികളും മേളയില്‍ ലഭ്യമാണ്. ശ്രീലങ്കയിലെ കലാകാരന്‍മാരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ഉത്പന്ന നിര്‍മാണം നേരില്‍ കാണാനും സന്ദര്‍ശകര്‍ക്ക് അവസരം ഉണ്ട്. മലബാര്‍ ക്രാഫ്റ്റ്സ് മേളയില്‍ പങ്കെടുക്കുന്ന വിദേശരാജ്യമെന്ന പ്രത്യേകതയും ശ്രീലങ്കയ്ക്കുണ്ട്.