ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പെന്‍ ബൂത്ത് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ പുനചംക്രമണത്തിന് കൈമാറുകയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളും, തരംതിരിക്കലും കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പെന്‍ ബൂത്ത് നടപ്പാക്കുന്നത്. പദ്ധതിയോടനുബന്ധിച്ച് കളക്ട്രറേറ്റ് പരിസരത്തെ എല്ലാ ബ്ലോക്കുകളിലും പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചു.

ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭഭ്രാ നായര്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം 70 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിക്കും.അരുത്, വലിച്ചെറിയരുത്, കത്തിക്കരുത് എന്ന സന്ദേശവുമായി ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി ക്യാമ്പയിന്‍ പരിപാടികള്‍ മിഷന്‍ നടപ്പിലാക്കി വരുന്നുണ്ട്.

ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം, മാലിന്യങ്ങള്‍ തരംതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും അവയെ ശീലവല്‍ക്കരണത്തിലേക്ക് മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജാഗ്രതോത്സവം, പെന്‍സില്‍ ക്യാമ്പ്, സ്‌കൗട്ട് ആന്റ് ഗൈഡിന്റെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പെന്‍ ബൂത്ത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകമാണ് ബോക്‌സുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.