ആരോഗ്യമുള്ള ജനതയ്ക്കേ നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുകയുള്ളൂവെന്ന് എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു .മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ശുചിത്വം -സുന്ദരം – എന്റെ മേപ്പയ്യൂർ പദ്ധതി പ്രഖ്യാപനവും എം.സി.എഫ് ഉദ്ഘാടനവും മേപ്പയ്യൂർ ടൗൺ പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾ മുൻകൈയെടുക്കണം. മാലിന്യ മുക്തപരിസരം പകർച്ച വ്യാധികളില്ലാത്ത കേരളം അതാണ് ലക്ഷ്യം. സുന്ദരമായ നമുടെ നാട് കാണാൻ അന്യദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്തണം. ജനുവരി ഒന്നു മുതൽ സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനൊരുങ്ങുകയാണ്.
വ്യക്തി ശുചിത്വം പാലിക്കുകയും അതേ സമയം പരിസരം മലിനമാക്കുകയും ചെയ്യുന്ന പ്രവണത മാറ്റണം. ശുദ്ധവായു ശ്വസിക്കാൻ നമുക്ക് കഴിയണം. മേപ്പയ്യൂർ ടൗണിൽ എത്തുമ്പോൾ പൂക്കളുടെ സുഗന്ധം പരക്കുന്ന അവസ്ഥയുണ്ടാക്കലാണ് ലക്ഷ്യം. കേരളമാകെ  മാലിന്യ മുക്തമാക്കാൻ ജനങ്ങളുടെ സഹകരണം പ്രധാനമാണ്. മാലിന്യകൂമ്പാരങ്ങൾ ഗുരുതരായ രോഗങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു.  മേപ്പയ്യൂരിലെ പൊതുയിടങ്ങളിൽ ശുചിത്വ സന്ദേശം നൽകി  ചിത്രങ്ങൾ വരച്ച കലാകാരൻമാരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത്തല ശുചിത്വ സമിതി, വാർഡ് തല സമിതി, സ്കൂൾ തല ശുചിത്വ സമിതി, സർക്കാർ അർദ്ധ സർക്കാർ ബേങ്ക് ,സ്വകാര്യ സ്ഥാപന മേധാവികളുടെ സമിതി,  വ്യാപാരി  വ്യവസായി  സമൂഹം, ആരാധനാലയ പ്രതിനികൾ, ഓട്ടോ – ടാക്സി മോട്ടോർ തൊഴിലാളികൾ, കുടുംബശ്രീ തുടങ്ങി നാനാതുറകളിൽ പെട്ടവർ മേപ്പയ്യൂർ പഞ്ചായത്ത് ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കൂടാതെ വടകര ഹരിയാലിഹരിത സഹായ സ്ഥാപനത്തിന്റെ പിന്തുണയും പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
 സെക്രട്ടറി എ രാജേഷ് സ്വാഗതം പറഞ്ഞു .പ്രസിഡന്റ് പി .കെ റീന അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് ശുചിത്വ പ്രവർത്തന കോർഡിനേറ്റർ വി പി രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു .ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത മനക്കൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ ,മണലിൽ മോഹനൻ തുടങ്ങിയവരും പങ്കെടുത്തു