501 അംഗ സംഘാടക സമിതി രൂപീകരിച്ചു 

പാലക്കാട്: ജില്ലയില്‍ ഡിസംബര്‍ 14, 15, 16 തീയതികളിലായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം  പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും അംഗീകാരമുള്ള കേരളോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, റിസള്‍ട്ട് പ്രഖ്യാപനം എന്നിവയിലൂടെ മികവാര്‍ന്നതും കുറ്റമറ്റ രീതിയിലുമാണ് നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മേളയോടനുബന്ധിച്ച് വജ്ര ജൂബിലി കലാകാരന്‍മാരെയും കേരളോത്സവത്തിന്റെ ഭാഗമാക്കുമെന്ന് അവര്‍ പറഞ്ഞു. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലായാണ് കേരളോത്സവം സംഘടിപ്പിക്കുക.   ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണായും പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ക്കിംഗ് ചെയര്‍പേഴ്സണായും സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.  പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തില്‍ കുഴല്‍മന്ദം-മണ്ണാര്‍ക്കാട്-അട്ടപ്പാടി-നെന്മാറ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഷേളി, ഷെരീഫ്, കാളിയമ്മ, പി.വി രാമകൃഷ്ണന്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശശി,  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ എം.എസ് ശങ്കര്‍,  വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സബ് കമ്മിറ്റികള്‍

ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായി 501 അംഗ സംഘാടക സമിതിയും 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്.  ഇതിന് പുറമെ വിവിധ ആവശ്യങ്ങള്‍ക്കായി 11 സബ്കമ്മിറ്റികളും രൂപീകരിച്ചു.  യുവജനക്ഷേമം,  ധനകാര്യം, ഭക്ഷണം & താമസം, പ്രൈസ് & ജഡ്ജ്സ്,  സ്റ്റേജ്- ലൈറ്റ് & സൗണ്ട്,  ഡിസ്ട്രിബ്യുഷന്‍, വളണ്ടിയര്‍,  സ്പോര്‍ട്സ് & ഗെയിംസ്,  പബ്ലിസിറ്റി,  ആര്‍ട്സ്,  അപ്പീല്‍ കമ്മിറ്റികളാണ് രൂപീകരിച്ചത്.