നാമനിര്‍ദ്ദേശപത്രിക  28 വരെ സമര്‍പ്പിക്കാം
ഒറ്റപ്പാലം നഗരസഭയിലെ വാര്‍ഡ് 3, ചേരിക്കുന്ന്്, ഷൊര്‍ണൂര്‍ നഗരസഭയിലെ വാര്‍ഡ് 11, തത്തംകോട് ഉപതെരഞ്ഞെടുപ്പ്  ഡിസംബര്‍ 17 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും. നാമനിര്‍ദ്ദേശ പത്രിക നവംബര്‍ 28 ന് വൈകിട്ട് മൂന്ന് വരെ  സമര്‍പ്പിക്കാം. 29 ന് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ രണ്ട് വരെയാണ്.  ബാലറ്റ് ലേബല്‍ പ്രിന്റ് ഡിസംബര്‍ രണ്ടിന് ചെയ്യും. ഡിസംബര്‍ 18 ന് രാവിലെ 10 ന് വോട്ടെണ്ണല്‍ ആരംഭിക്കും.
നഗരസഭാ വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് എന്‍.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ദിനേശ് കുമാറിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.  നവംബര്‍ 15 മുതല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ മാതൃക പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നതായും പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍, പുതിയ പദ്ധതി പ്രഖ്യാപനം, ഗുണഭോക്താക്കളെ നിശ്ചയിക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യല്‍ എന്നിവ പാടില്ലെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് മലയാള അക്ഷരമാല ക്രമത്തിലാണ് ക്രമീകരിക്കേണ്ടത്. ഒറ്റപ്പാലം നഗരസഭയിലെ വാര്‍ഡ് മൂന്നിലെ വരോട് യു.പി സ്‌കൂള്‍, പുതിയ കെട്ടിടത്തിലും, ഷൊര്‍ണ്ണൂര്‍  നഗരസഭയിലെ വാര്‍ഡ് 11 ലെ കാരക്കാട് എല്‍.പി സ്‌കൂള്‍ കാരക്കാട്, തത്തംകോട്  ബൂത്തുകളിലാണ് പോളിംഗ് നടക്കുക. ഒറ്റപ്പാലം-ഷൊര്‍ണ്ണൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളാണ് പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രം. ഒറ്റപ്പാലം-ഷൊര്‍ണ്ണൂര്‍ നഗരസഭാ പൊതുമരാമത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ റൂമായിരിക്കും സ്ട്രോങ് റൂമായി സജ്ജമാക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇ.വി.എം പരിശീലനം ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മാതൃക പെരുമാറ്റ ചട്ടം സംബന്ധിച്ച സംശയങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ രേഖാമൂലം അറിയിച്ച് അത് സംബന്ധിച്ച വ്യക്തമായ വിവരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ലഭ്യമാക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍/ അസി.റിട്ടേണിംഗ് ഓഫീസര്‍മാര്‍ സംയുക്തമായി വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ ഫല്‍ക്സുകള്‍, ബാനറുകള്‍, സ്ഥാപിക്കല്‍ ഒഴിവാക്കണം. വോട്ടെടുപ്പ് ദിനത്തില്‍
ഓരോ മണിക്കുറിലും പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം, പോളിംഗ് ശതമാനം എന്നിവ ശേഖരിച്ച് വരണാധികാരി  ജില്ലാ തെരഞ്ഞെടുപ്പ്  വിഭാഗത്തില്‍ അറിയിക്കുകയും കമ്മീഷന്റെ സോഫ്റ്റ് വെയറില്‍ എന്‍ട്രി ചെയണം.  എന്‍.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ ഒറ്റപ്പാലം-ഷൊര്‍ണ്ണൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.