ഭരണഘടനാദിനം ആചരിച്ചു

പാലക്കാട്: രാഷ്ട്രത്തെ ഒരുമിച്ച് നിര്‍ത്തുന്ന അടിസ്ഥാനശിലയാണ് ഭരണഘടനയെന്നും എവരും സമത്വവും സന്തോഷവും സമാധാനവും ഉറപ്പുവരുത്താന്‍ ഭരണഘടനാനുസൃതമായ ജീവിതം ഉറപ്പാക്കണമെന്നും ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര പറഞ്ഞു. മലമ്പുഴ ഗിരിവികാസില്‍ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ ജഡ്ജ്.

പാലക്കാട് മലമ്പുഴ ഗിരി വികാസില്‍ ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജഡ്ജ് കെ പി ഇന്ദിര വിദ്യാര്‍ഥികള്‍ക്ക് ഭരണഘടന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.

ഭരണഘടനയില്‍ പ്രതിപാദിക്കുന്ന അവകാശങ്ങളെ കുറിച്ചു മാത്രമല്ല ഉത്തരവാദിത്തങ്ങളെകുറിച്ചും പൗരന്മാര്‍ ബോധവാന്മാര്‍ ആയിരിക്കണം. ബി ആര്‍ അംബേദ്കര്‍,  ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കിയ ഭരണഘടന തന്നെയാണ് രാഷ്ട്രത്തിന്റെ ഏറ്റവും വലിയ കാവലാളെന്ന് ജില്ലാ ജഡ്ജ് ഓര്‍മിപ്പിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനുമായി നിരവധി നിയമങ്ങള്‍ നിലവിലുണ്ടെന്നും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയില്‍ സ്വന്തം ജീവിതം ക്രമപ്പെടുത്താന്‍ ജനങ്ങള്‍ ശീലിക്കേണ്ടതാണെന്ന് ജില്ലാ ജഡ്ജ് കെ. പി. ഇന്ദിര അഭിപ്രായപ്പെട്ടു.

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭരണഘടന ശില്‍പ്പികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ ജില്ലാ ജഡ്ജ് കെ.പി ഇന്ദിര പുഷ്പാര്‍ച്ചന നടത്തുന്നു.

പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ ജഡ്ജി ചൊല്ലിക്കൊടുത്ത ഭരണഘടനാ പ്രതിജ്ഞ വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലി. തുടര്‍ന്ന് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി ആര്‍ അംബേദ്കര്‍ എന്നിവരുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഭരണഘടനയുടെ നാള്‍വഴികള്‍, ആമുഖം, ഭരണഘടനാ നിര്‍മാണത്തിന് പങ്കെടുത്ത പ്രമുഖ വ്യക്തികള്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനവും നടന്നു. സബ് ജഡ്ജ് എം.തുഷാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.ടി.ഗിരി, കെ. വിനോദ് കുമാര്‍, കെ സി സബിത എന്നിവര്‍ സംസാരിച്ചു. ഭരണഘടനയുടെ പ്രാധാന്യം, ഭരണഘടനയിലെ പ്രധാനപ്പെട്ട പൗരാവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, ഭരണഘടനയുടെ ചരിത്രം, എന്നിവ വിശദമാക്കി അഡ്വ. കെ. വിജയ ക്ലാസെടുത്തു.

ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി മലമ്പുഴ ഗിരിവികാസില്‍ സംഘടിപ്പിച്ച ഭരണഘടന ചരിത്ര പ്രദര്‍ശനം ജില്ലാ ജഡ്ജ് കെ.പി ഇന്ദിര നോക്കിക്കാണുന്നു.