അട്ടപ്പാടി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇവയുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെയും ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പുരോഗതി വിലയിരുത്തുന്നതിനായി ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനങ്ങളും എം.സി.എഫിന്റെ പുരോഗതിയും ഗ്രാമപഞ്ചായത്തുകളെ ബ്ലോക്ക് തലത്തിലുള്ള റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റുമായി ബന്ധിപ്പിക്കേണ്ടതിന്റെ സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

2020 ജനുവരി 26 ന് ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് പൂര്‍ണ സജ്ജമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ സബ് കലക്ടര്‍ക്ക് ഉറപ്പുനല്‍കി. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള മുഴുവന്‍ ഓഫീസുകളും ഗ്രീന്‍ പ്രോട്ടോകോളായി 2020 ജനുവരി ഒന്നിന് പ്രഖ്യാപിക്കാനും തീരുമാനമായി. ഗ്രാമപഞ്ചായത്തുകളിലെ കല്യാണ മണ്ഡപങ്ങളിലും ഉത്സവങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമാക്കാന്‍ സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.

എംസിഎഫുകള്‍ ഇനിയും സജ്ജമാക്കാത്ത പഞ്ചായത്തുകള്‍ അടുത്ത ജനുവരി 26 നകം സജ്ജമാക്കി ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. ഹരിത കേരളം മിഷന്‍- ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹരിതനിയമ സദസ്സുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായി നടത്താനും തീരുമാനമായി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിന് നവംബര്‍ 30 നകം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകേരളം മിഷന്‍ യോഗങ്ങള്‍ ചേരുമെന്ന് സെക്രട്ടറിമാര്‍ അറിയിച്ചു.

ഇ- വേസ്റ്റ്, ട്യൂബ് ലൈറ്റ് മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിനുള്ള സമയബന്ധിത പരിപാടി ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അവതരിപ്പിച്ചു. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്‍പനയും സൂക്ഷിക്കലും ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റൈ പശ്ചാത്തലത്തില്‍ നിരോധന നടപടികള്‍ കര്‍ശനമായി പാലിക്കാനും ബദല്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനുമായി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കല്യാണ കൃഷ്ണനും അറിയിച്ചു.