വില്ലേജ് ഓഫീസുകളുള്‍പ്പെടെ റവന്യൂ ഓഫീസുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനോപകാരപ്രദമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ആധുനികവത്ക്കരിക്കുന്നതിന്റെയും ഭാഗമായി ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജയിംസ് ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സബ്ഡിവിഷണല്‍ ഓഫീസുകള്‍, താലൂക്ക് ലാന്‍ഡ് ബോര്‍ഡ്, ലാന്‍ഡ് ട്രിബ്യൂണല്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവരുമായി ബുധനാഴ്ചയും ജില്ലാകലക്ടര്‍, ഡെപ്യൂട്ടികലക്ടര്‍മാര്‍ ,ജില്ലാ ലോ ഓഫീസര്‍, സൂപ്രണ്ടുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരുമായി വ്യാഴാഴ്ചയും റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ജനോപകാരപ്രദമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ റവന്യൂഉദ്യോഗസ്ഥരുമായി പങ്കുവച്ചു.
പൊതുജനങ്ങളോടുള്ള സമീപനം മെച്ചപ്പെടുത്തുന്നതിനും വന്യൂ ഓഫീസുകളില്‍ ഏജന്റുമാരുടെയും മുന്‍ ജീവനക്കാരുടെയും ഇടപെടലുകള്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. അടിസ്ഥാന രജിസ്റ്ററുകള്‍ ഓഫീസുകളില്‍ ഉറപ്പുവരുത്തണം. യഥാസമയം രേഖപ്പെടുത്തലുകള്‍ നടത്തുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്‍കി. കെട്ടിടനികുതി, പാട്ടത്തുക നികുതി പിരിവ് എന്നിവ സമയബന്ധിതമായി നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കി. നിയമപരമായ ഉത്തരവാദിത്തങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുന്നതിനും ലാന്റ് റവന്യൂ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഫീസുകളില്‍ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകെ റവന്യൂ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി 14 ജില്ലകളിലെ റവന്യൂ ഓഫീസുകള്‍ സന്ദര്‍ശിച്ച് പോരായ്മ പരിഹരിച്ച് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും കമ്മീഷണറുടെ സന്ദര്‍ശനം പൂര്‍ത്തിയായി. സന്ദര്‍ശനത്തിന്റെ ഭാഗമായി ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിവിധ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും പരിശോധന നടത്തി. കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, ദേവികുളം സബ്കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഇടുക്കി ആര്‍.ഡി.ഒ പി.എം. വിനോദ്, ഡെപ്യൂട്ടികലക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.