ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഹെല്‍ത്ത് കോര്‍ണറുകള്‍ സജ്ജീകരിക്കുന്നു. ഓരോ സ്‌കൂളിലെയും സീനിയര്‍ അധ്യാപകന്റെ മേല്‍നോട്ടത്തിലാണ് ഹെല്‍ത്ത് കോര്‍ണറുകള്‍ പ്രവര്‍ത്തിക്കേണ്ടത്. സ്‌കൂളിലെ എതെങ്കിലും ഒരിടം ഇതിനായി മാറ്റിവെക്കണം. മെഡിക്കല്‍ എമര്‍ജന്‍സി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന പാംലെറ്റുകള്‍, ബ്രോഷറുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍,മരുന്നുകള്‍ എന്നിവ ഇവിടെ ഒരുക്കും. വേതനം നല്‍കാന്‍ ശേഷിയുളള സ്‌കൂളുകള്‍ മുഴുവന്‍ സമയ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്ന കാര്യം പരിഗണിക്കണം.

മറ്റിടങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കണം. പി.ടി.എ.കള്‍ ഹെല്‍ത്ത് കോര്‍ണറുകളുടെ നടത്തിപ്പിന് മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും നേതൃത്വത്തില്‍ സേവനം നടത്തുന്ന അധ്യാപകര്‍ക്കും കുട്ടി ഡോക്ടര്‍മാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കും. സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍ ക്ലാസ്സ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിന് ശേഷം കളക്‌ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ യോഗത്തിലാണ് തീരുമാനങ്ങള്‍.

വിദ്യാലയങ്ങളില്‍ ഗാര്‍ഡിയന്‍ ഡോക്ടര്‍ സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.വിദ്യാലയങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്നതും ഏതൊരാവശ്യത്തിനും വിദ്യാലയത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതുമായ ഡോക്ടറെ ഗാര്‍ഡിയന്‍ ഡോക്ടരാക്കുകയും കുട്ടികളുടെ ആരോഗ്യ പ്രശ്‌നവുമായി സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കാവുന്ന സാഹചര്യമൊരുക്കലുമാണ് പദ്ധതിയിലൂടെ ലഭ്യമിടുന്നത്. ഇതിനായി ഐ.എം.എ യുടെ സഹകരണം തേടും. അനുഭവങ്ങളില്‍ നിന്നുള്ള ഓരോ പാഠവും മറ്റൊരു ദുരന്തത്തെ ഇല്ലാതാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു.

ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ അദ്ധ്യാപക സമൂഹത്തെ ഓന്നാകെ കുറ്റപ്പെടുത്തുന്ന തരത്തിലുളള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. വിഷമകരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴും അദ്ധ്യാപകര്‍ മനോവീര്യം കൈവിടരുത്. ഒരു തലമുറയെ ഒന്നാകെ വെളിച്ചത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തമാണ് അദ്ധ്യാപകരില്‍ അര്‍പ്പിതമായിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി.ജി.അലക്‌സാണ്ടര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ.ബി.അഭിലാഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.