സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജൈവകൃഷി വ്യാപനം നടപ്പാക്കിയ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി. 2018 ഏപ്രില്‍ മുതല്‍ ജൈവകൃഷി വ്യാപനത്തിനായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും കൃഷി വകുപ്പ് മന്ത്രി സുനില്‍ കുമാറില്‍ നിന്നും തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍ ജൈവകൃഷി കൂട്ടായ്മയുടെ പ്രതിനിധികളായ രാജേഷ് കൃഷ്ണന്‍, ടി.സി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ തിരുനെല്ലി വഴി മാറി ചിന്തിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ മണ്ണിന്റെ ജൈവികത തിരിച്ചു പിടിക്കാനുളള ശ്രമത്തിന്റെ ഭാഗമായി മുന്നൂറ് ഏക്കറോളം പാടത്താണ് ഇന്ന് പരമ്പരാഗത നെല്‍വിത്തുകള്‍ ജൈവ രീതിയില്‍ കൃഷി ചെയ്യുന്നത്. വന്യമൃഗങ്ങളോടും കാലാവസ്ഥയോടും പൊരുതുന്ന കര്‍ഷകര്‍ക്ക് വലിയ സഹായമാണ് ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്നത്. നെല്‍കൃഷി പ്രോല്‍സാഹനത്തിനായി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 40 ലക്ഷം രൂപയാണ് വകയിരുത്തിട്ടുളളത്.

സുഗന്ധ നെല്‍കൃഷിക്ക് 5 ലക്ഷം രൂപ പ്രത്യേകമായും മാറ്റിവെച്ചു. കുടുംബശ്രീ മുഖേന ജെ എല്‍ ജി ഗ്രൂപ്പുകള്‍ക്കും പട്ടികവര്‍ഗങ്ങള്‍ക്കും പ്രത്യേക പാക്കേജുകള്‍, വിത്തുല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ സ്വയം പര്യാപ്തത നേടാനുളള അവസരവും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി. അഞ്ച് വര്‍ഷം കൊണ്ട് തിരുനെല്ലിയെ ജൈവപഞ്ചായത്തായി മാറ്റുക എന്നതാണ് പഞ്ചായത്ത് അധികൃതര്‍ ലക്ഷ്യമിടുന്നത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സൃഷ്ടിക്കുന്നതോടൊപ്പം കര്‍ഷക സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക വഴി കര്‍ഷകര്‍ക്ക് പുത്തനറിവുകള്‍ നല്‍കാനും പഞ്ചായത്തിന് സാധിച്ചു.

കര്‍ഷക കൂട്ടായ്മയായ വിത്തുത്സവമാണ് തിരുനെല്ലിയെ മറ്റ് പഞ്ചായത്തുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തി. തരിശ് ഭൂമി കിളച്ച് പാകപ്പെടുത്തി പാരമ്പര്യനെല്‍വിത്തിനങ്ങളെ ജൈവരീതിയില്‍ സംരക്ഷിച്ച് വരുന്ന അഗ്രോ ഇക്കോളജി സെന്ററും ഇവിടെയുണ്ട്. കിഴങ്ങ് കൃഷിയും, ഔഷധസസ്യകൃഷിയും, കൂണ്‍കൃഷിയുമെല്ലാം ഏറെ വിളവ് നല്‍കുന്ന തിരുനെല്ലിയില്‍ ഭൂരിഭാഗം വരുന്ന കാപ്പി, കുരുമുളക് കര്‍ഷകരും ജൈവരീതിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. സമ്പൂര്‍ണ്ണ ജൈവകൃഷി വ്യാപനത്തിനായി രംഗത്തിറങ്ങിയ ഈ നാടിന് തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയും തണല്‍കൂട്ടായ്മയും കരുത്ത് പകരുന്നു.

വയനാട്ടിലെ പരമ്പരാഗത നാടന്‍ നെല്‍വിത്തിനങ്ങളുടേയും ജൈവകൃഷിയുടെയും വ്യാപനം ഉറപ്പാക്കാന്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത നെല്‍കര്‍ഷകര്‍ ഒരുമിച്ച് ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് തിരുനെല്ലി കര്‍ഷക ഉത്പാദക കമ്പനി. പരിസ്ഥിതിയുടെ നിലനില്‍പ്പും സാമൂഹിക നീതിയും ഉറപ്പാക്കി സാമ്പത്തിക ഉന്നമനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സംരംഭം മൂന്ന് വര്‍ഷമായി തിരുനെല്ലി പഞ്ചായത്തിന് അകത്തും പുറത്തുമുള്ള നെല്‍കര്‍ഷകര്‍ക്കു വിത്ത്,വിളപരിപാലനം, വിപണി എന്നിവ ഉറപ്പാക്കുന്നു. തിരുനെല്ലി അഗ്രി പ്രൊഡ്യുസേഴ്‌സ് കമ്പനി പൂര്‍ണ്ണമായും ജൈവ അരി മാത്രം വിപണനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ജൈവറൈസ് മില്ലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കത്തിലുമാണ്.