സപ്തഭാഷാ ഭൂമിയിലെ കലോത്സവ നഗരിയിലെ ഉദ്ഘാടന ചടങ്ങിനെ പ്രൗഢ ഗംഭീരമാക്കി സ്വാഗതം ഗാനം. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ നാട്ടില്‍ വിരുന്നെത്തിയ കലാ മാമങ്കത്തിന് സ്വാഗതമേകിയത് മഹാകവി കുട്ടമത്തിന്റെ ചെറുമകന്‍ കെ.വി. മണികണ്ഠദാസ് രചിച്ച സ്വാഗത ഗാനമാണ്. സപ്തഭാഷാ ഭൂമിയെ {പകീര്‍ത്തിച്ചും പ്രാചീന നാട്ടു ചരിത്രത്തെ സ്മരിച്ചും കാസര്‍കോടന്‍ മണ്ണില്‍ പിറന്ന സാംസ്‌കാരിക പ്രതിഭകളെ  അടയാളപ്പെടുത്തിയുമാണ് സ്വാഗതഗാനം അതിഥികളെ സ്വാഗതം ചെയ്തത്.

‘ഏഴു വാണികളും ഒറ്റ നാവില്‍
ഇണക്കിടുന്ന വരവര്‍ണ്ണിനീ
കേരളോത്തര വിലാസിനി
വിമല ദേശമായി ലസിപ്പൂ നീ’  എന്ന് തുടങ്ങിയ സ്വാഗതഗാനത്തിന്  വേദിയിലെത്തിയ  ന്യത്താവിഷ്‌കാരം കൂടുതല്‍ ചാരുത പകര്‍ന്നു. ജില്ലയുടെ സാസ്‌കാരിക- കലാപൈതൃക പാരമ്പര്യം വിളിച്ചോതുന്ന പൂരക്കളിക്കും യക്ഷഗാനത്തിനും ഒപ്പം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, മാര്‍ഗ്ഗംകളി, ഒപ്പന, തിരുവാതിര, കഥകളി എന്നിവയും ഗാനത്തിന്റെ വരികള്‍ക്കനുസരിച്ച് രംഗത്തെത്തി. വാക്കുകള്‍ക്ക്  അതീതമായ കാസര്‍കോടിന്റെ സാംസ്‌കാരിക  വൈവിധ്യം പുഴയൊരു പുല്ലാങ്കുഴലിലൊതുക്കാമോ? ഈ  നാട്ടുവഴക്കം പാട്ടിലൊതുക്കാമോ? എന്ന വരികളിലൂടെ വരച്ചുകാട്ടി.

60 അധ്യാപകര്‍ ചേര്‍ന്ന് ആലപിച്ച 18 മിനുട്ട് ദൈര്‍ഘ്യമുള്ള സ്വാഗതഗാനത്തിന് 140 വിദ്യര്‍ത്ഥികളാണ് ചുവട് വച്ചത്. {പശസ്ത സംഗീതജ്ഞന്‍  കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സ്വാഗത ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാക്യഷ്ണന്‍ മാണിക്കോത്ത്  രംഗാവിഷ്‌കാരം നിര്‍വഹിച്ചു. സതീഷ് കണ്ണൂരാണ് സ്വാഗത ഗാനത്തിന് നൃത്താവിഷ്‌കാരം നിര്‍വഹിച്ചത്. സ്വാഗത ഗാനം രചിച്ച കെ.വി. മണികണ്ഠദാസ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വിരുന്നെത്തിയ കൗമാര കലാവസന്തത്തിന് സ്വാഗതഗാനത്തിലൂടെ തന്നെ ഊഷ്മളമായ വരവേല്‍പ്പാണ് ആതിഥേയരായ കാസര്‍കോട് ജില്ലക്കാര്‍ നല്കിയത്.