ഭൗതിക രംഗത്ത് മാത്രമല്ല അക്കാദമിക രംഗത്തും വിദ്യാലയങ്ങളിൽ മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്ന് സഹകരണ, ടൂറിസം, ദേവസവം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.   അധ്യാപകർ കൂട്ടമായി ചിന്തിച്ച് കുട്ടികളെ വിദ്യാഭ്യാസ രംഗത്ത് എങ്ങനെ ഉയർത്തിക്കൊണ്ടുവരാം എന്ന നിലയിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. കായണ്ണ ഗവ.യു.പി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ലക്ഷം പുതിയ വിദ്യാർഥികളാണ് സർക്കാർ സ്കൂളുകളിലേക്ക് എത്തിയത്. നേരത്തെ ഏഴ് മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികളാണ് സ്മാർട്ട് ആക്കിയത്. ഇപ്പോൾ യുപി, എൽപി സ്കൂളുകളിലെ ക്ലാസ് മുറികളും സ്മാർട്ട് ആക്കുകയാണ്. പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സ്വപ്നം അണഞ്ഞു പോകാതിരിക്കാൻ ആവശ്യമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിന്റെ ഒന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഒന്‍പത് ക്ലാസ് മുറികളോടു കൂടിയ കെട്ടിടം 50 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുക. കോഴിക്കോട് ഡയറ്റിന്റെ “സ്‌കൂളിനൊപ്പം പദ്ധതി”, മന്ത്രിയും കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മജയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം രാമചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ ടി.ഷീന, പി.പി സജീവന്‍, ബീന പ്രഭ, പേരാമ്പ്ര എ.ഇ.ഒ കെ.ലത്തീഫ്, ബി.പി.ഒ കെ.വി വിനോദ്, ഹെഡ് മാസ്റ്റര്‍ ടി.എം ശശിധരന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി ജിപിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.