ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വപ്നമാണ് സർക്കാർ സ്കൂളുകൾ അടയുന്നതോടെ ഇല്ലാതാവുക എന്ന തിരിച്ചറിവാണ് സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് തുടക്കമിടാൻ കാരണമായതെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അയനിക്കാട് ഗവൺമെന്റ് വെൽഫയർ എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയമാണ് ജനകീയ വിദ്യാഭ്യാസത്തിന് അടിസ്ഥാനം.

5 വയസ്സ് കഴിഞ്ഞ കുട്ടിയെ സ്കൂളിൽ ചേർക്കാത്ത രക്ഷിതാവ് കേരളത്തിലുണ്ടാവില്ല, വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ കേരളം മുന്നിലെത്തിയത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ കുട്ടികളെ അയക്കാത്ത രക്ഷിതാവിനെ കുറ്റവാളിയെന്ന പോലെയാണ് നമ്മുടെ സമൂഹം കാണുക. ആദിവാസി ഊരുകളിൽ പോലും ഏകാധ്യാപക വിദ്യാലയം ഉണ്ട്. ഇതൊക്കെയാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ പ്രത്യേക എന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലകളിലും സമഗ്രമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ നാല് മിഷനുകൾ വഴി മൂന്നര വർഷം കൊണ്ട് വലിയ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്കിന് ഇടയാക്കിയത്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഓരോ നിയാേജക മണ്ഡലങ്ങളിലും വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനസൗകര്യ വികസനങ്ങൾ വർദ്ധിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മൂന്നര വർഷത്തിനിടെ 5 ലക്ഷം കുട്ടികൾ പുതുതായി സർക്കാർ വിദ്യാലയങ്ങളിലേക്ക് എത്തിയതായും മന്ത്രി പറഞ്ഞു.

ഭവന പദ്ധതികളിൽ മൂന്നുലക്ഷം വീടുകളുടെ താക്കോൽദാനമാണ് ഇതിനോടകം നിർവഹിച്ചത്. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം വർധിപ്പിച്ചു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി.ഇത്തരത്തിൽ സമൂഹത്തിന്റെ താഴെ തട്ടിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.

സ്കൂളിലെ ഓപ്പൺ സ്റ്റേജിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ലാപ്ടോപ്പ് പ്രൊജക്ടറുകളുടെ സമർപ്പണം കെ ദാസൻ എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികളും, ഓപ്പൺ സ്റ്റേജും, ചുറ്റുമതിലും നിർമ്മിച്ചത്.

പയ്യോളി നഗരസഭ വൈസ് ചെയർമാൻ കെ വി ചന്ദ്രൻ, സ്ഥിരം സമിതി അംഗങ്ങളായ ഉഷ വളപ്പിൽ, കൂടയിൽ ശ്രീധരൻ, കൗൺസിലർമാരായ സാലിഹ കോലാരിക്കണ്ടി, ഷാഹുൽഹമീദ്, ഏഞ്ഞിലൊടി അഹമ്മദ്, ഷീന രഞ്ജിത്ത്, മേലടി ബിപിഒ രാഹുൽ മാസ്റ്റർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ലേഖ, ഹെഡ്മിസ്ട്രസ് കെ ലതിക, എസ്എംസി ചെയർമാൻ രമേശൻ കൊക്കാലേരി, എംപിടിഎ ചെയർപേഴ്സൺ അനുഷ പീടികകണ്ടി തുടങ്ങിയവർ സംസാരിച്ചു.