ഇരിങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ സ്പോർട്സ് സ്കൂൾ ആയി ഉയർത്താൻ സർക്കാരിനോടും സ്പോർട്സ് കൗൺസിലിനോടും ജില്ലാ പഞ്ചായത്ത് ബോർഡ് യോഗം അഭ്യർത്ഥിച്ചു. സ്‌പോർട്സ് സ്കൂൾ ആയി ഉയർത്തുമ്പോൾ ആവശ്യമായി വരുന്ന ഹോസ്റ്റൽ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ജില്ലാപഞ്ചായത്ത് നൽകും. കോഴിക്കോട് നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നാഷണൽ ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആയതിനാൽ സ്പോർട്സ് കോട്ടയിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു പറശ്ശേരി പറഞ്ഞു.

ജില്ലാപഞ്ചായത്തിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിക്കാനും യോഗത്തിൽ തീരുമാനമായി. വിദ്യാർത്ഥികൾക്ക് സ്നേഹസ്പർശം മുഖേനയുള്ള ആരോഗ്യം ക്യാമ്പുകൾ, ഹോട്ടൽ തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്, കലാ-കായിക മത്സരങ്ങൾ എന്നിവയും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തും. ഡിസംബർ 10 ന് മുരുകൻ കാട്ടാക്കട ഉൾപ്പടെ വിവിധ കലാകാരൻമാർ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികൾ നടക്കും. 12 ന് വാർഷികാഘോഷ സമ്മേളനത്തിന്റെ ഉദ്ഘാടനം പേരാമ്പ്രയിൽ മന്ത്രി ടി. പി രാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി എ.കെ ശശീന്ദ്രൻ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലയിൽ നിന്നുള്ളവർ തുടങ്ങിയവർ പങ്കെടുക്കും

ജില്ലാ കേരളോത്സവം ഡിസംബർ അഞ്ച് മുതൽ 15 വരെ ബാലുശ്ശേരിയിൽ നടക്കും. 13 ന് ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനവും തുടർന്നുള്ള ദിവസങ്ങളിൽ കലാ കായിക മത്സരങ്ങളും നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തെറ്റിക് സ്റ്റേഡിയത്തിലാണ് കായിക പരിപാടികൾ നടക്കുക. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി അംഗംങ്ങൾ, ജില്ലാപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.