ആലപ്പുഴ: കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട്‌ ജനങ്ങൾ മാറാൻ തയ്യാറാകണം. സർക്കാർ വികസനങ്ങൾ നടത്തുന്നത് ജനങ്ങൾക്ക്‌ വേണ്ടിയാണെന്നും അത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ നശിച്ചുപോകുമെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. കെയർ ഹോം പദ്ധതി പ്രകാരം കരുമാടി പള്ളിപ്പുറം രേണുകയുടെ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വീടില്ലാത്തവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. നിലവിലെ കണക്കുകൾ പ്രകാരം അഞ്ചു ലക്ഷത്തോളം ആളുകൾ വീടില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സഹകരണ ബാങ്കുകൾ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം 2000 വീടുകളാണ് നിർമിച്ചു നൽകുന്നത് അതിൽ 200 വീടുകൾ ആലപ്പുഴ ജില്ലയിലാണ് നിർമിക്കുന്നതെന്നും വലിയൊരു കർത്തവ്യമാണ് സഹകരണ സംഘം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം കവര്‍ന്ന വീടിന് പകരം പുതിയൊരു വീട് ഒറ്റയ്ക്ക് നിര്‍മിക്കുകയെന്നത് രേണുകയെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നു. ഈ ഘട്ടത്തിലാണ് സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതി പ്രകാരം വീട് അനുവദിച്ചത്.മാർച്ചിൽ നിര്‍മാണം തുടങ്ങിയെങ്കിലും തിരഞ്ഞെടുപ്പും വീണ്ടുമൊരു കാലവർഷവും വീട് പണി പൂർത്തിയാക്കൽ വൈകിപ്പിച്ചു. 487 ചതുരശ്ര അടിയുളള വീട്ടില്‍ അടുക്കള, രണ്ട് മുറികള്‍, ഹാള്‍, ശുചിമുറി എന്നീ സൗകര്യങ്ങളാണുളളത്.എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിര്‍മിച്ചത്.അതിൽ അഞ്ചു ലക്ഷം രൂപ ബാങ്കും ബാക്കി മൂന്ന് ലക്ഷം രൂപ കുടുംബവും നിർമാണ ചിലവ് വഹിച്ചു.

സഹകരണ ബാങ്ക് പ്രസിഡന്റ്‌ എൻ അരുൺകുമാർ അധ്യക്ഷനായ ചടങ്ങിൽ ബാങ്ക് സെക്രട്ടറി ആർ ശ്രീകുമാർ, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുലാൽ, വാർഡ് മെമ്പർ ശോഭ ബാലൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എച്ച് സലാം, അമ്പലപ്പുഴ സർവീസ് സഹകരണ സംഘം എ ഓമനക്കുട്ടൻ, സഹകരണ സംഘം ജോയിന്റ് രജിസ്റ്റർ പ്രവീൺ ദാസ് എന്നിവർ പ്രസംഗിച്ചു.