ആദിവാസി മേഖലയിലെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേയക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗോത്ര കായികമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ ഒമ്പത് വിദ്യാലയങ്ങളില്‍ നിന്നായി ഇരുന്നൂറോളം ഗോത്ര വിദ്യാര്‍ത്ഥികളാണ് വഞ്ഞോട് എ.യു.പി സ്‌കൂള്‍ മൈതാനത്ത് നടന്ന കായിക മേളയില്‍ പങ്കെടുത്തത്.

കുട്ടികളുടെ കായിക ശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാലയങ്ങളില്‍ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാനും കഴിവുകള്‍ കണ്ടെത്തി പരിശീലനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മേള സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച കലാമേളയെ തുടര്‍ന്നാണ് ഇവര്‍ക്കായി പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് കായികമേളയും സംഘടിപ്പിച്ചത്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗോത്ര കായികമേള ഒരുക്കിയത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ നൂറുമീറ്റര്‍, ഇരുന്നൂറ് മീറ്റര്‍, നാന്നൂറ് മീറ്റര്‍, ലോഗ് ജംമ്പ്, ഡിസ്‌കസ് ത്രോ, ഹാമ്മര്‍ ത്രോ തുടങ്ങിയ കായിക മത്സരങ്ങളാണ് ഒരുക്കിയത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ സലോമി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വഞ്ഞോട് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സി. രമ , മാനേജര്‍ മനോഹര്‍ കരിവള്ളൂര്‍, പി.ടി.എ. പ്രസിഡണ്ട് എ.ആര്‍. രജീഷ്, സ്റ്റാഫ് സെക്രട്ടറി വി.വി. രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കേശവന്‍ അധ്യക്ഷത വഹിച്ചു. കേരള വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സജ്‌ന സജീവന്‍ മുഖ്യാതിഥിയായി. പി.ഷെറീന, സിനി ജോബി, കെ.കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.