ഇടുക്കി: സ്നേഹിതാ കോളിംഗ് ബെല്‍ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളെ സന്ദര്‍ശിച്ചു. കേരള ഹൈകോടതി ജഡ്ജി നിസാര്‍ അഹമ്മദ്, മുട്ടം ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റി സബ് ജഡ്ജ് ദിനേശ് എം പിള്ള എന്നിവരുടെ നേതൃത്വത്തിലാണ്  സന്ദര്‍ശിച്ചത്. അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന  കിറ്റും വിതരണം ചെയ്തു.
സമൂഹത്തില്‍ വിവിധ കാരണങ്ങളാല്‍ ഒറ്റപെട്ടു കഴിയുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണ് സ്നേഹിത കോളിംഗ് ബെല്‍. കുടുംബശ്രീയുടെ സ്ത്രീ ശിശു സുരക്ഷാ പരിപാടിയായ സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്  മേല്‍നോട്ടം വഹിക്കുന്ന ഈ പദ്ധതിയില്‍ അയല്‍ക്കൂട്ടങ്ങള്‍ തങ്ങളുടെ പ്രദേശത്തെ ഒറ്റപ്പെട്ട വ്യക്തികളെ കണ്ടെത്തുകയും അവര്‍ക്ക് വേണ്ട സാമൂഹിക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും.

സ്നേഹിതാ കോളിംഗ് ബെല്‍ പരിപാടിക്ക് പൊതുജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും  പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.    പൊതുപരിപാടികള്‍, സാമൂഹിക ബോധവത്ക്കരണം, അയല്‍കൂട്ട പ്രത്യേക യോഗങ്ങള്‍, ഭവനസന്ദര്‍ശനം, അന്തിമ ലിസ്റ്റ് തയ്യാറാക്കല്‍  എന്നിവ വാരാചരണത്തിന്റെ പ്രധാന പരിപാടികളാണ്.  ഇടുക്കി ജില്ലയില്‍ 2340 പിന്തുണ  സ്വീകര്‍ത്താക്കളെ ആണ് ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയത്. ഇവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ തയ്യാറാക്കി തദ്ദേശ സ്വയംഭരണ  സ്ഥാപങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ സംയോജിത പരിപാടിയായി ഉള്‍പ്പെടുത്തി പരിഹാരം കണ്ടെത്തും. അതോടൊപ്പം അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന  കിറ്റും വിതരണം ചെയ്യും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സിഡിഎസ് ഭാരവാഹികള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.