കണ്ണൂരിന് പെണ്‍ ഉശിരിന്റെ ആവേശ പഞ്ചുകള്‍ സമ്മാനിച്ച് നാലാമത് ദേശീയ വനിതാ സീനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം. ആദ്യമായി കണ്ണൂരിലെത്തിയ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ദിന മത്സരങ്ങള്‍ ഇടിക്കൂട്ടിലെ പെണ്‍കരുത്ത് വിളിച്ചോതുന്നതായി.  ബോക്‌സിങ്ങിലെ പരിചയക്കുറവ് കാണികളെ ആദ്യം ആശയക്കുഴപ്പത്തിലാക്കിയെങ്കിലും മത്സരത്തിന്റെ ആവേശം ആര്‍പ്പുവിളികളായി മാറി.

48-51 കിലോഗ്രാം ഫ്‌ലൈ വെയ്റ്റ്, 45 -48 ലൈറ്റ് ഫ്‌ലൈ വെയ്റ്റ് എന്നീ വിഭാഗങ്ങളിലെ ഒന്നാം ഘട്ട മത്സരങ്ങള്‍ ആദ്യ ദിനത്തില്‍ പൂര്‍ത്തിയായി. ഇരു വിഭാഗങ്ങളിലുമായി 23 മത്സരങ്ങളാണ് നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച അന്യന്യ എസ് ദാസ്, അഞ്ചു സാബു എന്നിവര്‍ ആദ്യദിനം ഇടിക്കൂട്ടില്‍ കരുത്തുകാട്ടി രണ്ടാം റൗണ്ടിലേക്ക് കടന്നു. അനന്യ ഒഡീഷ താരത്തെയും അഞ്ചു ബംഗാള്‍ താരത്തെയുമാണ് പരാജയപ്പെടുത്തിയത്. 48-51 കിലോഗ്രാമാം വിഭാഗത്തില്‍ ഛണ്ഡീഗഢിലെ മോണിക്കയും 45-48 വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശിന്റെ ജ്യോതിക ബിഷിത്തും ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം നേടി.

ഉത്തര്‍പ്രദേശിന്റെ മാനസി ശര്‍മ്മ, മണിപ്പൂരിന്റെ സോയിബാം റബീക്ക ദേവി, ദീപ കുമാരി, ഹിമാചല്‍ പ്രദേശിന്റെ മായ കുമാരി, ആസാമിന്റെ ജോയി കുമാരി, രാജസ്ഥാന്റെ പൂനം, കര്‍ണാടകയുടെ ദിവ്യാനി ശുക്ല, ആന്ധ്ര പ്രദേശിന്റെ രമ്യ ഗുഢുരു, മഹാരാഷ്ട്രയുടെ സംഗീത റുമലെ, ബീഹാറിന്റെ കമല്‍ജിത്ത് കൗര്‍ എന്നിവര്‍ 48-51 കിലോഗ്രാം വിഭാഗത്തിലും ഹിമാചല്‍ പ്രദേശത്തിന്റെ ജ്യോതിക ബിഷത്ത്, ഉത്തരാഘണ്ഡിന്റെ ഹിമാനി ആര്യ, കര്‍ണാടകയുടെ സുധ വി, പഞ്ചാബിന്റെ മീനാക്ഷി, രാജസ്ഥാന്റെ സ്വസ്തി ആര്യ, ഹരിയാനയുടെ ആരതി, ആസാമിന്റെ പ്രിയ ഘോഷ്, ഛണ്ഡീഗഢിന്റെ റിത്തൂസ് എന്നിവര്‍ 45-48 വിഭാഗത്തിലും രണ്ടാം റൗണ്ടിലെത്തി.

ഓള്‍ ഇന്ത്യ പോലീസ്, റെയില്‍വേ, ഹരിയാന, ദല്‍ഹി തുടങ്ങിയ ടീമുകളില്‍ നിന്നായി 20 ഓളം അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 യൂണിറ്റുകളിലെ ബോക്‌സര്‍മാര്‍ ഇടിക്കുട്ടില്‍ മാറ്റുരയ്ക്കും.  10 ഭാര വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒന്നാം ഘട്ട മത്സരങ്ങള്‍ ചൊവ്വാഴ്ച (ഡിസംബര്‍ 3) പൂര്‍ത്തിയാകും. ഡിസംബര്‍ ഏഴിന് രണ്ട് മണി മുതല്‍ സെമി ഫൈനല്‍ മത്സരവും എട്ടിന് രണ്ട് മണി മുതല്‍ ഫൈനല്‍ മത്സരങ്ങളും നടക്കും. രാവിലെ 11 മുതല്‍ ഒരു മണി, മൂന്ന് മണി മുതല്‍ അഞ്ച് മണി, ആറ് മുതല്‍ എട്ട് മണി എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലാണ് ബോക്സിംഗ് നടക്കുക. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്

300 ഓളം ബോക്സിംഗ് താരങ്ങളും കോച്ചുമാരും ഓഫീഷ്യല്‍സും ടെക്നിക്കല്‍ ടീമും ഉള്‍പ്പെടെ 650 ഓളം പേരാണ് മത്സരത്തിന്റെ ഭാഗമാകുന്നത്. ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ മേരികോം ഡിസംബര്‍ എട്ടിന് ചാമ്പ്യന്‍ഷിപ്പിലെത്തും.  പ്രതിദിനം മൂവായിരത്തോളം പേര്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.