ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍, സ്‌കൂളിനു പരിസരത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒറാഴ്ച മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. മലയോരമേഖലയിലെ സ്‌കൂളുകളില്‍ പരിശോധനയ്ക്ക് പ്രത്യക ഊന്നല്‍ നല്‍കണം.  വയനാട് സര്‍വജന സ്‌കൂളിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളധികൃതര്‍, പി.ടി.എ, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം നടത്തുന്നതിനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുന്നതിനും ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് നിര്‍ദ്ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗം

ജില്ലയില്‍ ആരംഭിക്കുന്ന റൈസ് ടെക്നോളജി പാര്‍ക്ക് ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കേരള റൈസ് ലിമിറ്റഡ് എന്ന പേരാണ് സര്‍ക്കാരിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 38 കോടിയുടെ പദ്ധതിരൂപരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കിന്‍ഫ്രയ്ക്കുള്ളില്‍ തന്നെ പത്തേക്കര്‍ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. സപ്ലൈകോ സംഭരിക്കുന്ന നെല്ല് സംസ്‌ക്കരിച്ച് അരിയാക്കുകയും മറ്റ് ഉപ ഉല്പന്നങ്ങളും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയുടെ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മലമ്പുഴ ഭാഗത്ത് കാട്ടാനശല്യം തടയുന്നതിന് വനംവകുപ്പ് സോളാര്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കിവരുന്നതായി ഡി.എഫ്.ഒ അറിയിച്ചു. 11 മീറ്റര്‍ ഫെന്‍സിംഗാണ് ആവശ്യമായിട്ടുള്ളത്. ഇതില്‍ 9 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ കാട്ടാനകളെ കാട്ടില്‍ തിരികെ കയറ്റുന്നതിന് കുങ്കിയാനയെ എത്തിച്ചിട്ടുള്ളതായും വനംവകുപ്പധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഉപയോഗശൂന്യമായ വെള്ളംകെട്ടിക്കിടക്കുന്ന ക്വാറികള്‍ കണ്ടെത്തി അതിലെ വെള്ളം കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയിലേക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്ന സവിശേഷ പ്രൊജക്ട് ആയി പരിഗണിക്കണമെന്ന് ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

ലൈഫ് മിഷന്‍

ഡിസംബര്‍ അവസാനവാരത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തുമെന്ന് ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്.
ലൈഫ് ഒന്നാംഘട്ടം 9.91 ശതമാനം പൂര്‍ത്തിയായി. ഒന്നാംഘട്ടത്തില്‍ അട്ടപ്പാടിയില്‍ പൂര്‍ത്തിയാവാത്ത വീടുകളുടെ ഗുണഭോക്താക്കളുമായി സബ് കലക്ടര്‍ ചര്‍ച്ച നടത്തി തുക കൈമാറും. രണ്ടാംഘട്ടം 49 ശതമാനമാണ് പൂര്‍ത്തിയായിരിക്കുന്നത്. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി അറിയിക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹരിതകേരളം മിഷന്‍

ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ക്ലീന്‍കേരള കമ്പനിയുമായി സഹകരിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഒമ്പത് ടണ്ണോളം ഇ-വേസ്റ്റ് ശേഖരിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. എല്ലാ മാസവും ഇ-വേസ്റ്റ് കലക്ഷന്‍ നടത്തി മാര്‍ച്ചിനകം ജില്ലയെ സീറോ വേസ്റ്റ് ആക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മാണവും ഉപയോഗവും ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ നിരോധിക്കുകയാണ്. അതിനാല്‍ പ്രകൃതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ കെ.ബാബു, മുഹമ്മദ് മുഹ്സിന്‍, വി.ടി.ബല്‍റാം, ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ, എ.ഡി.എം ടി.വിജയന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഭരണപരിഷ്‌ക്കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രതിനിധി, രമ്യ ഹരിദാസ് എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി എന്നിവരുടെ പ്രതിനിധികള്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.