കടപ്ലാമറ്റം  സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും
വയല  ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരുടെ വക വേറിട്ടൊരു സമ്മാനം. അക്ഷരദീപം പദ്ധതി പ്രകാരം നൂറ്റിയന്‍പതോളം പുസ്തകങ്ങളുള്ള വായനശാലയാണ് കുട്ടികള്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.

എന്‍. എസ്. എസ് വോളണ്ടിയര്‍ ലീഡര്‍മാരായ ജിന്‍സ് ജോസ്, ആന്‍ മരിയ സോണി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ തന്നെയാണ് പുസ്തകങ്ങള്‍ ശേഖരിച്ചത്. മലയാളത്തിലെ വിഖ്യാത രചനകളും  കുട്ടികള്‍ക്കുള്ള കഥ പുസ്തകങ്ങളും  ചിത്രകഥകളും ആരോഗ്യ കുറിപ്പുകളും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഇവിടുത്തെ  ശേഖരത്തിലുണ്ട്.

“ടോക്കണ്‍ വിളിക്കുമ്പോള്‍ വായന അവസാനിക്കും.  വീണ്ടും വരുമ്പോള്‍ അതേ പുസ്തകം തപ്പിയെടുത്ത് വായിക്കും. ഇപ്പോള്‍ ഇങ്ങോട്ടു വരുമ്പോള്‍ ആശുപത്രി ചീട്ടിനൊപ്പം കണ്ണാടി കൂടി എടുക്കാന്‍ മറക്കാറില്ല” കൂടല്ലൂര്‍ സ്വദേശി രാമന്‍ നായര്‍ പറഞ്ഞു.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിരവധി രോഗികളാണ് എന്നും എത്തുന്നത്. വയല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും തുറന്ന പുസ്തകശാലയുണ്ട്. സ്പോണ്‍സര്‍ഷിപ്പ് സഹായത്തോടെ വായനശാല വിപുലമാക്കാന്‍ ശ്രമിച്ചുവരികയാണെന്ന് എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസഫ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എന്‍.ടി വിജയനും പി.ടി.എ പ്രസിഡന്‍റ് ടി.കെ സജി മോനും മറ്റ് അധ്യാപകരും രക്ഷാകര്‍ത്താക്കളും ഇവര്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.