കൊച്ചി: ലോക ഭിന്നശേഷി ദിനാചരണത്തിൽ റോട്ടറി പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സമയം ചെലവഴിച്ച് ജില്ലാ കളക്ടർ എസ് സുഹാസ്.  കളക്ടറെ നോക്കി പുഞ്ചിരി തൂകിയ വിദ്യാർത്ഥികളോട് ജില്ലാ കളക്ടർ വന്നിരിക്കുന്നു എന്ന് അധ്യാപിക  പറഞ്ഞു.   കളക്ടറെ നോക്കി നിഷ്ക്കളങ്കതയയോടെ ‘ഹലോ’ പറഞ്ഞ വിദ്യാർത്ഥികൾക്ക് കളക്ടർ മധുര പലഹാരം നൽകി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ നിർമിച്ച ലോഷൻ, ഡയറി തുടങ്ങിയവ കളക്ടർ കൗതുകത്തോടെ നോക്കി കണ്ടു. അധ്യാപകർക്കും റോട്ടറി ക്ലബ് അംഗങ്ങൾക്കും ജില്ലാ കളക്ടർ അഭിനന്ദനം അറിയിച്ചു.
1987 ൽ ആണ് റോട്ടറി പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചത്. 17 ആൺകുട്ടികളും 9 പെൺകുട്ടികളുമടക്കം 26 വിദ്യാർത്ഥികളാണ് സ്കൂളിലുള്ളത്. 3 അധ്യാപരും ഒരു ആയയും കുക്കും ഡ്രൈവറുമടക്കം 6 സ്റ്റാഫും ഉണ്ട്. യോഗ, നൃത്തം, സംഗീതം, കായികം തുടങ്ങിയവയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്.