കാസർഗോഡ്: ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെയുള്ള {പവര്‍ത്തനങ്ങള്‍ക്ക് ചാലക സക്തിയായി നിന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ പറഞ്ഞു. ഹരിതകേരളം മിഷന്‍  ജില്ലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
 കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സര്‍ക്കാര്‍, സര്‍ക്കാരിതര ചടങ്ങുകളില്‍ പ്രായോഗികമാക്കിയുമാണ്  മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്. വിവാഹചടങ്ങുകള്‍ക്ക് ഗ്രീന്‍പ്രേട്ടോക്കോള്‍ നിര്‍ബന്ധമാക്കിയ തൃക്കരപ്പൂര്‍ പഞ്ചായത്തും തരിശുരഹിത പഞ്ചായത്ത് ആയി മാറുന്ന മടിക്കൈ,ബേഡഡുക്ക പഞ്ചായത്തുകളും എടുത്തു പറയേണ്ട മാതൃകകളാണെന്നും അവര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷന്‍ ജില്ല കോ -ഓഡിനേറ്റര്‍ എം. പി  സുബ്രഹ്മണ്യന്‍, ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ്  വി.വി ഹരിപ്രിയ ദേവി, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍  ഇ.പി രാജ് മോഹന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ കെ റെജി കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍  ഡി രാജന്‍,  പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മധു ജോര്‍ജ് മത്തായി, പി. വി അനില്‍, കെ അശ്വിനി  എന്നിവര്‍ സംസാരിച്ചു.