പാലക്കാട്: അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ധോണി ലീഡ് കോളേജില്‍ നടന്ന ജില്ലാതല പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ വിവിധ ശേഷികളുള്ളവരാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് എം. സന്തോഷ് ബാബു അധ്യക്ഷനായി.

ജന്മനാ ഇരുകൈകളുമില്ലാതെ കാലുകളാല്‍ ചിത്രം വരച്ച് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ എം.പി പ്രണവ് പരിപാടിയില്‍ മുഖ്യാതിഥിയായി. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് അനുമോദനങ്ങള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായെന്ന് പ്രണവ് പറഞ്ഞു. തന്നിലൂടെ കേരളത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാരായ ആളുകളെയാണ് മുഖ്യമന്ത്രി ചേര്‍ത്തു നിര്‍ത്തുന്നതെന്നും ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ഇതിനുള്ള തെളിവാണെന്നും പ്രണവ് പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രണവിന് സമ്മാനിച്ചു. ലീഡ് കോളേജ് ഡയറക്ടര്‍ തോമസ് ജോര്‍ജ് പ്രണവിനെ പൊന്നാട അണിയിച്ചു.

വിവിധ ഭിന്നശേഷി സംഘടനകളുടെ ഭാരവാഹികളായ പി ഉണ്ണികൃഷ്ണന്‍, കെ എം ഹാരിസ്, പി സുന്ദരന്‍, ഖാദര്‍ മൊയ്തീന്‍, എം എന്‍ ഗോവിന്ദ്, മേജര്‍ സുധാകര്‍ പിള്ള, ശിശു വികസന പദ്ധതി ഓഫീസര്‍ എസ്.എച്ച് ബീന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി കലാകായിക മത്സരങ്ങളും നടന്നു. ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ദിനാചരണത്തില്‍ പങ്കാളികളായി. വനിതാ ശിശു വികസന വകുപ്പിലെയും സാമൂഹ്യനീതി വകുപ്പിലെയും ഉദ്യോഗസ്ഥരും ലീഡ് കോളേജിലെ വിദ്യാര്‍ഥികളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.