തിരുവനന്തപുരം: ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വിതരണം, കടത്ത് എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി അംഗങ്ങളുടെ യോഗം എ.ഡി.എം വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലായി 423 ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചതായി യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. മുഹമ്മദ് ഉബൈദ് പറഞ്ഞു. സ്‌കൂളുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തിവരുന്നു.

പഞ്ചായത്ത്-ബ്ലോക്ക്-നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനകീയ കമ്മിറ്റികള്‍ ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.