ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകുവാന്‍ സമൂഹത്തിന് കഴിയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പരിപാടികള്‍ കോട്ടയം കെ.പി.എസ്. മോനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ സ്പെഷല്‍ സ്കൂളുകളില്‍ നിന്നുള്ള അറുനൂറോളം കുട്ടികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും വിജയാമൃതം പുരസ്കാരങ്ങളുടെ വിതരണവും ഇതോടനുബന്ധിച്ചു നടന്നു. വൈകല്യങ്ങളോട് പട പൊരുതി ബിരുദ, ബിരുദാനന്തര ബിരുദതലങ്ങളില്‍ ഉന്നത വിജയം കാഴ്ച വെച്ചവര്‍ക്ക് നല്‍കുന്ന കാഷ് അവാര്‍ഡാണ് വിജയാമൃതം.

ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍, ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ്, ഹാന്‍ഡിക്യാപ്ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് എസ്. സുരേഷ്കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.പി. ചന്ദ്രബോസ്, എ.സി. ബേബി എന്നിവര്‍ പ്രസംഗിച്ചു.