മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സ്‌കൂളുകളില്‍ അടുക്കളകള്‍ നിര്‍മിക്കണമെന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകോപന നിരീക്ഷണ സമിതി (ദിശ) അവലോകന യോഗത്തില്‍ എം.ബി.രാജേഷ് എം.പി നിര്‍ദ്ദേശിച്ചു. നിലവില്‍ അടുക്കളകളില്ലാത്ത വിദ്യാലയങ്ങളെ കണ്ടെത്തി അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ ആസ്തി വികസന പ്രവര്‍ത്തികള്‍ക്ക് മുന്‍തൂക്കം നല്‍കണം. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാമീണ കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിക്കാനാകും. വേനലിനു മുന്നോടിയായി കുളം, കിണര്‍, മറ്റ് ജലസ്രോതസ്സുകളുടെ നവീകരണത്തിനും പുനരുജീവനത്തിനും ഊന്നല്‍ നല്‍കണം. സ്വച്ഛ് ഭാരത് മിഷനിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിച്ച് മലിനീകരണ നിര്‍മാര്‍ജന പ്രവൃത്തികള്‍ നടപ്പിലാക്കണമെന്നും എം.പി പറഞ്ഞു.
യോഗത്തില്‍ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതിയും പദ്ധതി നടത്തിപ്പിനുളള ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന ത്രൈമാസ യോഗത്തില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, കെ.ഡി പ്രസേനന്‍ എം.എല്‍.എ, ജില്ലാ കലക്റ്റര്‍ ഡോ.പി. സുരേഷ് ബാബു, ബ്ലോക്ക് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.