സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ ശ്യംഖലയുടെ നിര്‍മ്മാണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പദ്ധതിയുടെ കൃത്യമായ പ്രവര്‍ത്തന രേഖ തയ്യാറാക്കി അത് പ്രകാരം ഓരോ മൂന്നു മാസത്തിലും നടക്കുന്ന പ്രവര്‍ത്തികളുടെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളിലെ വെള്ളം ആറ് മാസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തി ശുദ്ധമാണെന്ന്  ഉറപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നബാര്‍ഡിന്റെ ധനസഹായതോടെ 20 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായതുകളിലായി സ്ഥാപിക്കുന്ന ശുദ്ധജല വിതരണ  ശ്യംഖലയുടെ മൂന്നാംഘട്ട സമഗ്ര എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട്  ഭരണാനുമതിക്കായി റീബിള്‍ഡ് കേരളയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ജല അതോറിട്ടി മാനേജിങ് ഡയറക്ടര്‍ ഡോ.എ കൗശിഗന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് ചെയര്‍മാന്‍ അനില്‍ മേരി ചെറിയാന്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അലക്‌സ് കണ്ണമല, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം സൂസമ്മ പൗലോസ്, നിരണം ഗ്രാമപഞ്ചായത്തംഗം ഷെമീന.എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.