മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതിക്ക് ജലസംഭരണി നിര്‍മ്മിക്കാനായി അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ സ്ഥലം ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റി കൈമാറാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി. വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്ന 62 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്‍കാനാണ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്. മരുതറോഡ് പഞ്ചായത്തിലെ രണ്ട് സ്‌കൂളുകളുടെ കോമ്പൗണ്ടില്‍ നിന്നും ജലസംഭരണി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ഇതോടെ പൂര്‍ണമായും ലഭ്യമാകും.

75 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മലമ്പുഴ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. സ്ഥലം എം.എല്‍.എ.യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്റെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.

2017-18 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി കിഫ്ബി ഏറ്റെടുക്കുകയും തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യപടിയായി ജലസംഭരണികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കല്‍, പൈപ്പ് ഇടീല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. രണ്ടാംഘട്ടത്തില്‍ എലപ്പുള്ളി തുടങ്ങിയ മറ്റു പഞ്ചായത്തുകളിലെ നിലവിലുള്ള ജലവിതരണ പദ്ധതികളുമായി മലമ്പുഴ കുടിവെള്ള പദ്ധതി സംയോജിക്കപെടുന്നതോടെ മലമ്പുഴ മണ്ഡലത്തിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വതമായ പരിഹാരമാണ് പദ്ധതി ലക്ഷ്യമിടുന്നത്.