സര്‍ഗവാസനയുള്‍ക്കൊള്ളുന്ന മനസുകള്‍ക്ക് കലാപ്രകടനം നടത്തുന്നതിന് ശാരീരിക പരിമിതികള്‍ തടസമല്ലെന്ന് തെളിയിച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം വ്യത്യസ്തമായി. ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെങ്കള മാര്‍ത്തോമ ബധിര മൂക വിദ്യാലയത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജില്ലാതല കലാമത്സരങ്ങളാണ് നിറവര്‍ണങ്ങളില്‍ വിരിഞ്ഞ സര്‍ഗ വസന്തമായി മാറിയത്. ഭിന്നശേഷിക്കാരുടെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയം കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കലാമത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ബഡ്സ് വിദ്യാലയങ്ങളുള്‍പ്പെടെയുള്ള 16 സ്പെഷ്യല്‍ സ്‌കൂളുകള്‍, കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള വിദ്യാലയം, അസ്ഥി വൈകല്യമുള്ളവര്‍ക്കുള്ള വിദ്യാലയം, രണ്ട് ബധിര-മൂക വിദ്യാലയങ്ങള്‍ എന്നിങ്ങനെ ജില്ലയിലെ 20 സ്ഥാപനങ്ങളിലെ 260 ഓളം ഭിന്നശേഷി വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ് കലാമത്സരങ്ങളില്‍ പങ്കെടുത്തത്. കാഴ്ചാ പരിമിതര്‍, അസ്ഥി വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, കേള്‍വി-സംസാര പരിമിതിയുള്ളവര്‍ എന്നീ നാല് ഗ്രൂപ്പുകളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തിയത്. ലളിത ഗാനം, പ്രസംഗം, പദ്യപാരായണം, മിമിക്രി, ഗ്രൂപ്പ് ഡാന്‍സ്, നാടോടി നൃത്തം (സിംഗിള്‍), ഒപ്പന, ചിത്രരചന (ക്രയോണ്‍സ്), ചിത്രരചന (പെന്‍സില്‍), ചിത്രരചന (ജലഛായം) എന്നീയിനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.

കലാമത്സരങ്ങള്‍ക്ക് മൂന്ന് വേദികളും സ്റ്റേജിതര മത്സരങ്ങള്‍ക്കായി ഒരു വേദിയും ഒരുക്കിയിരുന്നു. കലോത്സവത്തിനായി എത്തുന്നവര്‍ക്ക് ഭക്ഷണകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണവും ചായയുമുണ്ടായിരുന്നു. കലാപ്രകടനങ്ങള്‍ക്ക് ആവേശം പകരാന്‍ ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.