കാക്കനാട്: മഹാ പ്രളയത്തിനു ശേഷം ഒന്നര വർഷത്തിനുള്ളിൽ തന്നെ കേരളത്തിന്റെ പുനർ നിർമ്മാണം സാധ്യമായതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലും ജില്ലാ ഭരണകൂടവും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും സംയുക്തമായി സംഘടിച്ച രണ്ടുദിവസത്തെ ദുരന്തനിവാരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളിൽ പോലും ഇതുവരെ കഴിയാത്തതാണ് നമ്മൾ നേടിയത്. ഓരോ വകുപ്പും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കാഴ്ചവച്ചതാണ് നേട്ടത്തിന്നു പിന്നിൽ. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം ഉണ്ടായിരുന്നതാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. .
കളമശ്ശേരി പ്രൊഡക്ടിവിറ്റി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ കെ എസ് പി സി ചെയർമാൻ എം .തോമസ് കടവൻ അധ്യക്ഷത വഹിച്ചു.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചും , പ്രകൃതിദുരന്തങ്ങളെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും ശില്പശാലകളിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രകൃതി ദുരന്തത്തിന് മൂലകാരണമായ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ മുൻ ഡയറക്ടറും എനർജി മാനേജ്മെൻറ് സെൻറർ ജോയിൻ ഡയറക്ടറുമായ ഡോക്ടർ ഹരികുമാർ പ്രബന്ധം അവതരിപ്പിച്ചു.
കേരളത്തിൻറെ പുനർ നിർമാണം എങ്ങനെ സാധ്യമാക്കാം എന്നുള്ള വിഷയത്തിൽ കേരള സർക്കാരിന്റെ റീബിൽഡ് കേരളയുടെ ഭാഗമായ റോണിഫെലിക്സ് പ്രബന്ധമവതരിപ്പിക്കും.

കടലിലും കടൽത്തീരങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മൂലമുള്ള ദുരന്തങ്ങൾ എങ്ങനെ നേരിടാം എന്നിവയെപ്പറ്റി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫ.ഗിരീഷ് ഗോപിനാഥ് സംസാരിക്കും.

ദുരന്ത സമയത്ത് വ്യവസായശാലകളും അവ മൂലമുണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ ഫെഡോ മുൻ ജനറൽ മാനേജർ ആയിരുന്ന പി എ നാരായണപിള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.

ഒരു അടിയന്തര സാഹചര്യത്തിൽ ശാസ്ത്രീയമായ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കാം എന്നുള്ളതിനെ കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ രാജീവ് ജയദേവൻ സംസാരിക്കും.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി പ്രമോദ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കെ എസ് പി സി കോഡിനേറ്റർ കെ.വി. രാമചന്ദ്രൻ, കൺവീനർ കെ എം അമാനുള്ള , ഗവേണിംഗ് ബോഡി മെമ്പർ എം ടി നിക്സസൺ, സെക്രട്ടറി
എം.ഡി വർഗീസ്, ഡെപ്യൂട്ടി കളക്ടർ എൻ.വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.