മല കയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തന്‍മാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഒരു പോലെ ആശ്രയമായി നടപ്പന്തലിന് സമീപത്തെ ഗവ. ഹോമിയോ ഡിസ്പെന്‍സറി. അലര്‍ജി മൂലമുള്ള ചുമ, പനി, കഫക്കെട്ട്, മല കയറുന്നതുമൂലമുള്ള പേശീവലിവ് എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇവിടെ നല്‍കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീജീവ് അറിയിച്ചു. കാലാവസ്ഥാ മാറ്റം മൂലമുള്ള രോഗങ്ങള്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹോമിയോപ്പതി മികച്ച ചികിത്സ വാഗ്ദാനം ചെയ്യുന്നു.

പകര്‍ച്ചവ്യാധികള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടില്ലെങ്കിലും ചിക്കന്‍പോക്സ്, ചെങ്കണ്ണ് പോലുള്ള പകര്‍ച്ചവ്യാധികളെ തടയാനുള്ള പ്രതിരോധ മരുന്നും രോഗം ബാധിച്ചാല്‍ കഴിക്കാനുള്ള മരുന്നുകളും ഇവിടെയുണ്ട്. ശ്വാസംമുട്ടലിന് നെബ്യുലൈസേഷന്‍ നല്‍കാനുള്ള സൗകര്യമുണ്ട്. ശരീര വേദനയുമായെത്തുന്നവര്‍ക്ക് ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സയും നല്‍കുന്നു.
24 മണിക്കൂറും ഈ ഡിസ്പെന്‍സറിയില്‍ സേവനം ലഭ്യമാണ്. രാത്രിയില്‍പോലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി അയ്യപ്പന്‍മാര്‍ ഇവിടെ എത്താറുണ്ട്. ഡ്യൂട്ടിക്കിടെ പൊടിശല്യം മൂലം വലയുന്ന പോലീസുകാരും മറ്റ് ഉദ്യോഗസ്ഥരും ഇവിടെയെത്തുന്നു. നാട്ടില്‍ സ്ഥിരമായി ഹോമിയോ മരുന്ന് കഴിക്കുന്നവരും തുടര്‍ചികിത്സ തേടി വരുന്നു.

ഒരു സമയം ഒരു ഡോക്ടറും ഒരു ഫാര്‍മസിസ്റ്റും ഒരു നഴ്സിംഗ് അസിസ്റ്റന്റും അടക്കം മൂന്ന് പേര്‍ ഡ്യൂട്ടിയിലുണ്ടാവും. രണ്ട് ഡോക്ടര്‍മാരടക്കം ആറ് പേര്‍ നിലവില്‍ ഡ്യൂട്ടിയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ഹോമിയോ ആശുപത്രികളിലെ ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും പത്ത് ദിവസം വീതമാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഇന്ത്യയില്‍ത്തന്നെ ഹോമിയോ മരുന്ന് ഉല്‍പാദന രംഗത്തെ ഏക സര്‍ക്കാര്‍ സ്ഥാപനമായ കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന് കീഴിലെ ഹോമിയോപ്പതിക് വകുപ്പിന്റെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപറേറ്റീവ് ഫാര്‍മസിയുടെ ഏറ്റവും ഗുണമേന്‍മയുളള മരുന്നുകളാണ് ഡിസ്‌പെന്‍സറിയില്‍ സൗജന്യമായി നല്‍കുന്നത്.