കാക്കനാട്: എറണാകുളം ജില്ലാതല കേരളോത്സവത്തിന് ജില്ലാ പഞ്ചായത്തില്‍ തുടക്കമായി. ജില്ലാപഞ്ചായത്തിന്റെ വിവിധ വേദികളിലായി നടക്കുന്ന മഹോത്സവ് 2019 എന്ന് നാമകരണം ചെയ്തിരിക്കുന്ന ജില്ലാതല കേരളോത്സവം ശനിയാഴ്ച സമാപിക്കും. യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലെ മത്സരങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്.
ജില്ലാതല കേരളോത്സവത്തിന്റെ ഉദ്ഘാടനം എം.എല്‍.എ ടി.ജെ വിനോദ് നിര്‍വ്വഹിച്ചു. വിദ്യാലയ അന്തരീക്ഷത്തിന് പുറത്തുള്ള യുവജനങ്ങളുടെ കലാ കായിക അഭിരുചികള്‍ പോഷിപ്പിക്കുന്നതില്‍ കേരളോത്സവത്തിന് വലിയ പങ്കാണുള്ളതെന്ന് എം. എല്‍.എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മത്സരാര്‍ത്ഥികള്‍ ഉത്സവാന്തരീക്ഷത്തില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല കായിക മത്സരങ്ങള്‍ കുസാറ്റില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ചു. കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രിയദര്‍ശ്ശിനി ഹാളില്‍ നടന്ന കേരളോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, യുവജനക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ സബിത സി.ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.