കൊച്ചി: മാലിന്യം തരം തിരിച്ച് വൃത്തിയാക്കൽ സംസ്ക്കാരം രൂപപ്പെടുത്താൻ കളക്ടേഴ്സ് ക്ലബ്ബ് @ കോളേജിന് തുടക്കമായി. ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി അസിസ്റ്റന്റ് കളക്ടർ എം.എസ് മാധവിക്കുട്ടി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമ്മാർജനം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുന്നതിനോടൊപ്പം മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്ന രീതിയും നമ്മൾ പരിശീലിക്കണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് അവർ പറഞ്ഞു.

മാലിന്യം തരം തിരിച്ച് വൃത്തിയാക്കി സംസ്കരിക്കേണ്ടതിന്റെ അനിവാര്യത പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിന് വിദ്യാർത്ഥികളുടെ ഒരു ശുചിത്വ സംസ്കാരത്തിന് തുടക്കമിടുന്നതാണ് കളക്ടേഴ്സ് ക്ലബ്ബ് @ കോളേജ് പദ്ധതി. പദ്ധതിയുടെ ഭാഗമായി മൂന്ന് പ്ലാസ്റ്റിക്ക് ശേഖരണ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

കോളേജ് ഡയറക്ടർ റവ. സിസ്റ്റർ ഡോ. വിനീത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ , ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എച്ച് ഷൈൻ, ഡോ. നിർമല പത്മനാഭൻ , ഭൂമിത്ര സേന ക്ലബ്ബ് ഇൻ ചാർജ് പ്രൊഫ ഡോറ ഡൊമിനിക് തുങ്ങിയവർ പങ്കെടുത്തു.